തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ വലിയ മാറ്റം. വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ആകെ 138 സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് പ്രധാനമായും റദ്ദാക്കിയത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 67 സർവീസുകളാണ് റദ്ദാക്കിയത്. ഇതിൽ 35 പുറപ്പെടേണ്ട സർവീസുകളും 32 എത്തേണ്ട സർവീസുകളും ഉൾപ്പെടുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 30 സർവീസുകളും, കണ്ണൂരിൽ നിന്ന് 14 സർവീസുകളും, കരിപ്പൂരിൽ നിന്ന് 27 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
എന്നാൽ യാത്രക്കാരെ ആശ്വസിപ്പിക്കുന്ന തരത്തിൽ ചില സർവീസുകൾ പുനരാരംഭിച്ചിട്ടുമുണ്ട്. കൊച്ചിയിൽ നിന്ന് ദുബായ്, ഷാർജ, അബുദാബി, ജിദ്ദ, ഫുജൈറ, മസ്കറ്റ് തുടങ്ങിയ ഗൾഫ് നഗരങ്ങളിലേക്കായി 9 വിമാന സർവീസുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
ഇതോടൊപ്പം എയർ അറേബ്യയുടെ G9 സർവീസ് ഇന്ന് മുതൽ വീണ്ടും കൊച്ചിയിലേക്ക് ആരംഭിക്കും. വൈകിട്ട് 6.45ന് ഷാർജയിൽ നിന്ന് എത്തുന്ന വിമാനം രാത്രി 10.05ന് തിരിച്ചുപോകും.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്കുള്ള സർവീസും പുനരാരംഭിച്ചു. ഒമാൻ എയർവെയ്സും എയർ ഇന്ത്യ എക്സ്പ്രസുമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. കൂടാതെ തിരുവനന്തപുരം–ദുബായ് സർവീസ് എമിറേറ്റ്സ് നാളെ മുതൽ വീണ്ടും ആരംഭിക്കും.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് എയർ അറേബ്യ, ഫ്ലൈനാസ്, സലാം എയർ എന്നീ വിമാനക്കമ്പനികൾ മസ്കത്ത്, റിയാദ് തുടങ്ങിയ ഗൾഫ് നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.
ഇതിനിടെ സ്പൈസ് ജെറ്റ് ദുബായിലും ഫുജൈറയിലും നിന്ന് ഇന്ത്യയിലേക്ക് 19 പ്രത്യേക സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. ഇന്ന് 7 സർവീസുകളും നാളെ 12 സർവീസുകളും നടത്തും. ഒരു സർവീസ് ദുബായിൽ നിന്നുമാണ് പുറപ്പെടുക. ബാക്കി സർവീസുകൾ ഫുജൈറയിൽ നിന്നായിരിക്കും. ഈ സർവീസുകൾ മുംബൈയിലേക്കും ഡൽഹിയിലേക്കുമാണ് നടത്തുക.
വിമാന സർവീസുകളിലെ ഈ മാറ്റം ഗൾഫ് രാജ്യങ്ങളിലേക്കും അവിടെ നിന്ന് കേരളത്തിലേക്കും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് താൽക്കാലിക ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.
English Summary
A total of 138 flights between Kerala and Gulf countries have been cancelled, affecting major airports including Kochi, Thiruvananthapuram, Kannur, and Kozhikode. Kochi airport reported the highest number with 67 cancelled flights, followed by Thiruvananthapuram (30), Kannur (14), and Kozhikode (27).However, some services have resumed. Flights from Kochi to Gulf destinations such as Dubai, Sharjah, Abu Dhabi, Jeddah, Fujairah, and Muscat have restarted partially. Air Arabia has resumed its Sharjah–Kochi service, while Oman Air and Air India Express restarted Muscat services from Thiruvananthapuram. Emirates is also set to resume the Thiruvananthapuram–Dubai route.Meanwhile, SpiceJet announced 19 special flights from Dubai and Fujairah to India, connecting passengers to Mumbai and Delhi.











































