തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോഡുകൾ ഭേദിച്ച് ഉയരുകയാണെങ്കിലും പവർകട്ട് ഏർപ്പെടുത്തില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. ആവശ്യമായാൽ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങുമെന്നും, നിലവിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. വിഷു ദിവസത്തിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ഉപയോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. വൈകുന്നേരത്തെ പീക്ക് ഡിമാൻഡ് 6,012 മെഗാവാട്ടായി രേഖപ്പെടുത്തി. ഇതാദ്യമായാണ് 6,000 മെഗാവാട്ട് കടക്കുന്നത്.
ഇതിനു മുമ്പ് ഈ മാസം 13ന് രേഖപ്പെടുത്തിയ 5,933 മെഗാവാട്ടായിരുന്നു ഉയർന്ന ഉപഭോഗ റെക്കോഡ്. ചൊവ്വാഴ്ചത്തെ ആകെ വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റായി.
വൈദ്യുതി ആവശ്യകത വർധിച്ചതിനെ തുടർന്ന് ആഭ്യന്തര ഉൽപാദനം കൂട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
ചൂട് ശക്തമായ സാഹചര്യത്തിൽ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള എസി, കൂളർ തുടങ്ങിയ ഉപകരണങ്ങളുടെ വ്യാപക ഉപയോഗമാണ് വൈദ്യുതി ഉപയോഗം ഉയരാൻ പ്രധാന കാരണം.
വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കാൻ വൈകുന്നേരം 6 മുതൽ രാത്രി 11 വരെ അനാവശ്യ ലൈറ്റുകളും ഹൈവോൾട്ടേജ് ഉപകരണങ്ങളും ഒഴിവാക്കി പൊതുജനം സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.








































