മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവന്നപ്പോൾ മലപ്പുറം ജില്ലയിൽ യു.ഡി.എഫിന്റെ സമഗ്രാധിപത്യം വ്യക്തമാകുന്നു. ജില്ലയിലെ ആകെ 16 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികൾ ലീഡ് നേടിയിരിക്കുകയാണ്.
2021ലെ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ നേടിയ എൽ.ഡി.എഫ് ഇത്തവണ ഒരു മണ്ഡലത്തിലും മുന്നിലെത്താൻ സാധിക്കാത്ത സാഹചര്യമാണെന്ന് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നു. താനൂർ മണ്ഡലത്തിൽ നിന്ന് മാറി തിരൂരിൽ മത്സരിച്ച മന്ത്രി വി. അബ്ദുറഹ്മാൻ പ്രതീക്ഷിച്ച മുന്നേറ്റം നേടാനാകാതെ പിന്നിലായി.
മുൻ മൂന്ന് തവണ തവനൂരിൽ നിന്ന് വിജയിച്ച കെ.ടി. ജലീലിനും ആദ്യ റൗണ്ടുകളിൽ ലീഡ് നഷ്ടപ്പെട്ടിട്ടുണ്ട്. സി.പി.എം ശക്തികേന്ദ്രമായി കണക്കാക്കുന്ന പൊന്നാനിയിലും യു.ഡി.എഫ് സ്ഥാനാർഥി കെ.പി. നൗഷാദ് അലിയാണ് മുന്നിൽ.
തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിൽ ഒരിടത്തുപോലും വിജയം നേടാനായിട്ടില്ലാത്ത എൽ.ഡി.എഫിന് ഈ പ്രവണത നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുന്നതായാണ് സൂചന.
ഉറച്ച മുസ്ലിം ലീഗ് വോട്ടുകൾക്കൊപ്പം മണ്ഡലങ്ങളിലെ പൊതുവായ ഭരണവിരുദ്ധ വികാരവും യു.ഡി.എഫിന് അനുകൂലമായതായി പ്രാഥമിക വിലയിരുത്തലുകൾ വ്യക്തമാക്കുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അന്തിമ ചിത്രം കൂടുതൽ വ്യക്തമായേക്കും.















































