അബൂദബി: അബൂദബിയിൽ നടക്കുന്ന ഓപ്പൺ മാസ്റ്റേഴ്‌സ് ഗെയിംസിൽ മലയാളിക്ക് അഭിമാന നേട്ടം. കൊച്ചി ജില്ലാ ക്രൈംബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ എ.എം. നസീർ ജൂഡോയിൽ വെങ്കല മെഡൽ നേടി ശ്രദ്ധേയനായി. 50 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് നസീറിന്റെ നേട്ടം.
നായരമ്പലം സ്വദേശിയായ നസീർ കഴിഞ്ഞ 14 വർഷമായി എടവനക്കാട് ജൂഡോ പരിശീലകനായാണ് പ്രവർത്തിക്കുന്നത്. ഔദ്യോഗിക തിരക്കുകൾക്കിടയിലും കായിക പരിശീലനം മുടക്കാതെ മുന്നേറുന്ന അദ്ദേഹത്തിന്റെ സ്ഥിരതയും സമർപ്പണവുമാണ് ഈ നേട്ടത്തിന് പിന്നിൽ.
മുൻപ് ഹിമാചൽ പ്രദേശിൽ നടന്ന ദേശീയ മാസ്റ്റേഴ്‌സ് ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി ദേശീയ ചാമ്പ്യനായിരുന്ന നസീർ, ആ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അബൂദബിയിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിലേക്ക് നേരിട്ട് യോഗ്യത നേടിയത്.
അബൂദബിയിലെ സായിദ് സ്‌പോർട്സ് സിറ്റിയിലെ അഡ്‌നെക് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ നടന്നത്.
നായരമ്പലം അഴിവേലിക്കകത്ത് മമ്മുവിന്റെ മകനായ നസീർ, നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് സൗജന്യമായി ജൂഡോ പരിശീലനം നൽകുന്ന വ്യക്തിയെന്ന നിലയിലും ശ്രദ്ധേയനാണ്.










































