അബുദാബി: ഒമാൻ സുൽത്താനായി ഹൈതം ബിൻ താരിഖ് അധികാരമേറ്റതിന്റെ വാർഷിക വേളയിൽ ആശംസകളുമായി യുഎഇ ഭരണാധികാരികൾ. ഒമാന്റെ പുരോഗതിക്കും സുൽത്താന്റെ ആയുരാരോഗ്യത്തിനുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു. അയൽരാജ്യങ്ങൾ തമ്മിലുള്ള സുദൃഢമായ ബന്ധം ഉയർത്തിപ്പിടിച്ചായിരുന്നു ഭരണാധികാരികളുടെ സന്ദേശങ്ങൾ.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും സുൽത്താന് ആശംസകൾ നേർന്നു. ഒമാൻ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെയും മേഖലയിലെ സമാധാനത്തിനായി സുൽത്താൻ നടത്തുന്ന ഇടപെടലുകളെയും ഇരുവരും പ്രശംസിച്ചു.
വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി (ഷാർജ), ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി (അജ്മാൻ), ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ൽഷർഖി (ഫുജൈറ), ഷെയ്ഖ് സഊദ് ബിൻ റാഷിദ് അൽ നുഐമി (അജ്മാൻ), ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ൽഷർഖി (ഫുജൈറ), ഷെയ്ഖ് സഊദ് ബിൻ റാഷിദ് അൽ മുഅല്ല (ഉമ്മുൽ ഖുവൈൻ), ഷെയ്ഖ് സഊദ് ബിൻ സഖർ അൽ ഖാസിമി (റാസൽഖൈമ) എന്നിവരും സുൽത്താന് പ്രത്യേക സന്ദേശങ്ങൾ അയച്ചു. എമിറേറ്റുകളിലെ കിരീടാവകാശികളും ഉപഭരണാധികാരികളും ഒമാൻ ജനതയ്ക്കും സുൽത്താനും ഐക്യദാർഢ്യവും സന്തോഷവും പങ്കുവച്ചു. യുഎഇയും ഒമാനും തമ്മിലുള്ള സഹോദര്യബന്ധം വരും വർഷങ്ങളിൽ കൂടുതൽ കരുത്താർജിക്കുമെന്ന് സന്ദേശങ്ങളിൽ ഭരണാധികാരികൾ പ്രത്യാശ പ്രകടിപ്പിച്ചു










































