ഷാർജ: സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരുടെയും വിനോദ സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമായി മാറുകയാണ് ഷാർജയിലെ നജദ് അൽ മഖ്സർ എന്ന പൈതൃക ഗ്രാമം. പർവത നിരകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കൊച്ചു ഗ്രാമമാണിത്. ഒരു നൂറ്റാണ്ട് മുമ്പ് പണിത 13 ചരിത്രപ്രസിദ്ധമായ പൈതൃക ഭവനങ്ങളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ഷാർജയുടെ കിഴക്കൻ തീരത്തുള്ള ചരിത്രപ്രസിദ്ധമായ ഖോർഫക്കാൻ നഗരത്തിലെ വാദി ‘വാഷി’യിൽ സ്ഥിതി ചെയ്യുന്ന ഇത് പുരാതന മനുഷ്യവാസ കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു. ഇതിന് ചുറ്റുമുള്ള പാറക്കല്ലുകളിൽ 2000 ബിസിയിലുള്ള ഒട്ടകങ്ങളുടെയും കുതിരകളുടെയും ചിത്രങ്ങൾ കാണാനാവും. യു.എ.ഇ സാമ്പത്തിക ടൂറിസം മന്ത്രാലയം വിവിധ വിനോദ, സാംസ്കാരിക, പൈതൃക അതോറിറ്റികളുമായി സഹകരിച്ച് രാജ്യത്തെ വിത്യസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളേയും അവയുടെ പൈതകൃമായ പ്രാധാന്യത്തെയും ഉയർത്തിക്കാണിക്കുന്നതിനായി ‘വേൾഡ് കൂളസ്റ്റ് വിന്‍റർ’ ക്യാമ്പയ്ന് തുടക്കമിട്ടിരുന്നു. ഇതിന്‍റെ ഭാഗമായി അനവധി വിനോദ സഞ്ചാരികളാണ് ഇത്തരം പൈതൃക ഗ്രാമങ്ങളിൽ സന്ദർശനം നടത്തുന്നത്. സഞ്ചാരികളെ ആകർഷിക്കുന്നതിനായി നജദ് അൽ മഖ്സറിൽ രണ്ട് ഘട്ടങ്ങളിലായി വികസന പ്രവർത്തനങ്ങളും ഷാർജ സർക്കാർ നടത്തിവരുന്നുണ്ട്. ടൂറിസ്റ്റ് ആകർഷണം മെച്ചപ്പെടുത്തുന്നതിനൊപ്പം ആഡംബരവും പൈതൃകപരവുമായ ടൂറിസ്റ്റ് പദ്ധതികളും ഇവിടെ നടപ്പിലാക്കിവരുന്നു. 2024 ജൂണിൽ ഉദ്ഘാടനം ചെയ്ത ആദ്യ ഘട്ട പദ്ധതിയിൽ 17,210 ചതുരശ്ര മീറ്ററുകളിൽ വ്യാപിച്ചുകിടക്കുന്ന ഏഴ് ആഡംബര പൈതൃക താമസ കേന്ദ്രങ്ങളും നിരവധി ഹോട്ടലുകളും ഉൾപ്പെടുന്നു. 300 വർഷത്തിലേറെ മുമ്പ് പർവതത്തിന്‍റെ കൊടുമുടിയിൽ നിർമിച്ച ഗ്രാമത്തിലെ മുകളിലെ കോട്ടയിലേക്ക് അതിഥികൾക്ക് കയറാൻ അനുവദിക്കുന്ന നടപ്പാതകളും, ഒരു പ്രത്യേക പർവത പാതയിലൂടെ അൽ റാഫിസ അണക്കെട്ടിലേക്ക് താമസക്കാർക്ക് പ്രവേശനം നൽകുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വർഷം ആദ്യ പാദത്തിൽ പൂർത്തിയാവും.




































