പാലക്കാട്: എസ്ഐആർ നടപടിയിൽ പ്രവാസികൾ സമർപ്പിച്ച അപേക്ഷകൾ കൂട്ടത്തോടെ തള്ളിയതായി പരാതി. ബന്ധുവിന്റെ എപ്പിക് നമ്പർ രേഖപ്പെടുത്തിയില്ല, ജനനസ്ഥലം ചേർത്തില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷകൾ നിരസിക്കുന്നത്. ഇതോടെ നിരവധി പ്രവാസികൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്ന സാഹചര്യമാണുള്ളത്.
ഒമാനിൽ പ്രവാസിയായ എറണാകുളം സ്വദേശിനിയുടെ ഫോം 6A പ്രകാരമുള്ള അപേക്ഷ നിരസിച്ചതിന് കാരണമായി “ബന്ധുവിന്റെ എപ്പിക് നമ്പർ രേഖപ്പെടുത്തിയില്ല” എന്നാണ് വെബ്സൈറ്റിൽ വ്യക്തമാക്കുന്നത്. എന്നാൽ ഫോം 6Aയിൽ ഈ വിവരത്തിന് ഓപ്ഷൻ തന്നെ ഇല്ലെന്നതാണ് ആരോപണം. ഫോം 6ൽ ഈ സൗകര്യം ഉണ്ടായിട്ടും പ്രവാസികൾക്കായുള്ള ഫോം 6Aയിൽ അതില്ലെന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്.
സൗദിയിൽ പ്രവാസിയായ മറ്റൊരു എറണാകുളം സ്വദേശിയുടെ അപേക്ഷ “ബൂത്ത് മാറി” എന്ന കാരണത്താൽ തള്ളിയതായും ആരോപണം. 6A അപേക്ഷകൾ ബൂത്ത് ലെവൽ ഓഫീസർമാർക്ക് അയയ്ക്കുന്നത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരാണ്. ബൂത്ത് മാറിയെന്ന കാരണം ചൂണ്ടിക്കാട്ടി അതേ ഇആർഒമാരാണ് അപേക്ഷകൾ തള്ളുന്നതെന്നാണ് വിമർശനം.
വിദേശത്ത് ജനിച്ചവരുടെ അപേക്ഷകൾ “ജനനസ്ഥലം രേഖപ്പെടുത്തിയില്ല” എന്ന കാരണത്താൽ തള്ളിയതായും പറയുന്നു. എന്നാൽ ഈ വിവരങ്ങൾ ഓൺലൈനായി ചേർക്കാൻ സംവിധാനമില്ലായിരുന്നുവെന്നതാണ് പ്രവാസികളുടെ ആരോപണം. നേരിട്ട് അപേക്ഷ നൽകിയവരുടെ അപേക്ഷകളാണ് കൂടുതലായി തള്ളപ്പെട്ടത്.
പ്രവാസികളുടെ വോട്ടവകാശവുമായി ബന്ധപ്പെട്ട ആശങ്കകൾ ശക്തമാകുന്നതിനിടെ വിഷയത്തിൽ കമ്മീഷൻ വ്യക്തത വരുത്തണമെന്ന ആവശ്യവും ഉയരുന്നു.









































