2021 മുതൽ 2025 വരെയുള്ള മോഡലുകൾക്ക് പരിശോധനയും തകരാർ പരിഹരിക്കലും സൗജന്യമായി നൽകുമെന്ന് ട്രേഡിങ് എൻ്റർപ്രൈസസ്.
ദുബായ്, സെപ്റ്റംബർ 5, 2026 :സ്റ്റിയറിങ് സംവിധാനത്തിലെ സാങ്കേതിക തകരാറും തീപിടിത്ത സാധ്യതയും കണക്കിലെടുത്ത് യുഎഇയിൽ 5,600-ലധികം ജീപ്പ് റാംഗ്ലർ, ജീപ്പ് ഗ്ലാഡിയേറ്റർ വാഹനങ്ങൾ കമ്പനി തിരിച്ചുവിളിക്കുന്നു.
ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ഔദ്യോഗിക ജീപ്പ് വിതരണക്കാരായ അൽ-ഫുത്തൈം ഗ്രൂപ്പിൻ്റെ കീഴിലുള്ള ട്രേഡിങ് എൻ്റർപ്രൈസസാണ് യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗവുമായി ചേർന്ന് ഈ സുരക്ഷാ നടപടി ആരംഭിച്ചത്.
2021 മുതൽ 2025 വരെയുള്ള മോഡൽ വർഷങ്ങളിൽ പുറത്തിറങ്ങിയ 5,612 ജീപ്പ് വാഹനങ്ങളെയാണ് ഈ തിരിച്ചുവിളിക്കൽ ബാധിക്കുന്നത്.
വാഹനങ്ങളിലെ ഇലക്‌ട്രോ-ഹൈഡ്രോളിക് പവർ സ്റ്റിയറിങ് പമ്പിലേക്കുള്ള (EHPSP) ഇലക്ട്രിക്കൽ കണക്ഷനിലെ തകരാറാണ് തിരിച്ചുവിളിക്കലിന് കാരണമായത്. കണക്ടറുകളിൽ അമിതമായ വൈദ്യുത പ്രതിരോധം (electrical resistance) രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് സാങ്കേതിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ഇത്തരം തകരാർ സംഭവിക്കുമ്പോൾ വാഹനത്തിന്റെ ഡാഷ്‌ബോർഡിൽ ‘സർവീസ് പവർ സ്റ്റിയറിങ്’ (Service Power Steering) എന്ന അപായ മുന്നറിയിപ്പ് തെളിയും. കൂടാതെ പവർ സ്റ്റിയറിങ് പെട്ടെന്ന് പ്രവർത്തിക്കാതാവുകയും വാഹനം തിരിക്കാൻ ഡ്രൈവർക്ക് കൂടുതൽ ആയാസം വേണ്ടിവരികയും ചെയ്യും.
കണക്ഷനുകളിൽ രൂപപ്പെടുന്ന അമിത താപം സമീപത്തുള്ള ജ്വലന സാധ്യതയുള്ള വസ്തുക്കളിലേക്ക് പടർന്നാൽ എൻജിൻ ഭാഗത്ത് തീപിടിത്തമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മുന്നറിയിപ്പിൽ പറയുന്നു.
തകരാർ ബാധിച്ച വാഹനങ്ങളുടെ ഉടമകളെ കമ്പനി നേരിട്ട് ബന്ധപ്പെട്ട് വരികയാണ്. നിർദ്ദിഷ്ട വാഹനങ്ങൾ അടുത്തുള്ള അംഗീകൃത സർവീസ് സെന്ററുകളിൽ എത്തിച്ച് പരിശോധന നടത്തണമെന്ന് കമ്പനി നിർദ്ദേശിച്ചു.
വയറിങ് കണക്ഷനുകളുടെ പരിശോധനയും ആവശ്യമെങ്കിൽ ഇലക്‌ട്രോ-ഹൈഡ്രോളിക് പവർ സ്റ്റിയറിങ് പമ്പ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ മാറ്റിസ്ഥാപിക്കലും ഉൾപ്പെടുന്നതാണ് അറ്റകുറ്റപ്പണി. യുഎഇ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഈ പരിശോധനകളും അറ്റകുറ്റപ്പണികളും ഉടമകൾക്ക് പൂർണ്ണമായും സൗജന്യമായിരിക്കും.










