ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. “യുവരാജാവിന് വളഞ്ഞ ബുദ്ധിയാണ്. സഭയിലെ ഒരു എം.പിയെ വഞ്ചകനെന്ന് വിളിച്ചത് അഹങ്കാരത്തിന്റെ പ്രകടനമാണ്,” എന്ന് മോദി ആരോപിച്ചു.
ഒരു സിഖ് എം.പിയെ വഞ്ചകനെന്ന് വിളിച്ചതിനെ ചൂണ്ടിക്കാട്ടി, ഇത് സിഖ് സമൂഹത്തോടുള്ള അവഹേളനമാണെന്നും മോദി പറഞ്ഞു. “നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടുപോയിട്ടുണ്ട്. അവരെ രാഹുൽ ഗാന്ധി വഞ്ചകരെന്ന് വിളിച്ചിട്ടില്ല. എന്നാൽ ബിട്ടുവിനെ വഞ്ചകനെന്ന് വിളിച്ചത് അദ്ദേഹത്തിന്റെ മതപരമായ തിരിച്ചറിയലിനെ അടിസ്ഥാനമാക്കിയാണോ?” എന്നായിരുന്നു മോദിയുടെ ചോദ്യം.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടതുപക്ഷം, ഡിഎംകെ തുടങ്ങിയ പാർട്ടികൾ വർഷങ്ങളായി ഭരണം നടത്തിയിട്ടും അഴിമതിയുടെ പേരിലാണ് പ്രധാനമായും അറിയപ്പെടുന്നതെന്നും മോദി വിമർശിച്ചു. മുൻകാലങ്ങളിൽ കരാറുകൾ അഴിമതിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും ‘ബൊഫേഴ്‌സ്’ പോലുള്ള കേസുകൾ ഉദാഹരിച്ച് അദ്ദേഹം പരാമർശിച്ചു.
പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നുവെന്നും മോദി ആരോപിച്ചു. ലോകത്തിലെ പല സമ്പന്ന രാജ്യങ്ങളും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമ്പോൾ ഇന്ത്യയിൽ ചിലർ അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
രാജ്യസഭയിൽ പ്രസംഗിക്കാൻ എത്തിയ മോദിയെ പ്രതിപക്ഷം മുദ്രാവാക്യങ്ങളോടെ വരവേറ്റു. പ്രതിഷേധത്തിനിടെ സംസാരിച്ച മോദി, 83 വയസ്സുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പരാമർശിച്ച്, “പ്രായം കണക്കിലെടുത്ത് ഇരുന്ന് മുദ്രാവാക്യം വിളിക്കാം” എന്ന പരാമർശം നടത്തിയ ശേഷമാണ് പ്രസംഗം തുടർന്നത്.










































