അബുദാബി:യുഎഇയിൽനിന്ന് പറക്കാൻ തയാറെടുക്കുന്ന പ്രവാസികൾ വിമാനയാത്രയിലെ പുതിയ സുരക്ഷാ നിയമങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ. വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾക്കും ലിഥിയം ബാറ്ററികൾക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം (ഡിജിസിഎ) കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആകാശയാത്രയ്ക്കിടെ ഉണ്ടാകാവുന്ന തീപിടിത്തങ്ങൾ ഒഴിവാക്കാനാണ് ഈ നടപടി.പവർ ബാങ്ക് ഉപയോഗത്തിന് പൂർണ വിലക്ക് – വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് ഡിജിസിഎ കർശനമായി നിരോധിച്ചു. യാത്രയ്ക്കിടെ ഫോണോ മറ്റ് ഗാഡ്‌ജെറ്റുകളോ പവർ ബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യാൻ പാടില്ല. കൂടാതെ, വിമാനത്തിലെ സീറ്റുകളിലുള്ള പവർ പോയിന്റുകൾ (ഇൻ-സീറ്റ് പവർ) ഉപയോഗിച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും അനുമതിയില്ല. യാത്രയിലുടനീളം ഇവ പ്രവർത്തനരഹിതമായിരിക്കണം.പവർ ബാങ്കുകളും ലിഥിയം ബാറ്ററികളും ഒരു കാരണവശാലും ‘ചെക്ക്-ഇൻ’ ബാഗുകളിൽ വയ്ക്കാൻ പാടില്ല. ഇവ ഹാൻഡ് ബാഗേജിൽ മാത്രമേ അനുവദിക്കൂ. എന്നാൽ ഹാൻഡ് ബാഗ് സീറ്റിന് മുകളിലുള്ള ‘ഓവർഹെഡ് ബിന്നിൽ’ വെക്കുകയാണെങ്കിൽ അതിനുള്ളിൽ പവർ ബാങ്ക് ഉണ്ടാകാൻ പാടില്ല. പവർ ബാങ്കുകൾ യാത്രക്കാരൻ തന്റെ പക്കലോ സീറ്റിന് താഴെയോ സുരക്ഷിതമായി സൂക്ഷിക്കണം.ഉപയോഗത്തിലില്ലാത്ത ബാറ്ററികൾ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാതിരിക്കാൻ അവയുടെ ടെർമിനലുകൾ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുകയോ ഒറിജിനൽ പാക്കിങ്ങിൽ തന്നെ സൂക്ഷിക്കുകയോ വേണം.
∙ എമിറേറ്റ്സ്, ഫ്ലൈ ദുബായ് നിബന്ധനകൾ:
യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈ ദുബായുമൊക്കെ ഈ നിയമങ്ങൾ നേരത്തെ തന്നെ കർശനമാക്കിയിട്ടുണ്ട്. 100 വാട്ട് അവർ (ഡബ്ല്യു എച്ച്) വരെ ശേഷിയുള്ള ലിഥിയം ബാറ്ററികളാണ് സാധാരണയായി അനുവദിക്കുന്നത്. 100 മുതൽ 160 വാട് അവർ വരെ ശേഷിയുള്ളവയ്ക്ക് വിമാനക്കമ്പനിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. 160 വാട് അവറിന് മുകളിലുള്ളവ വിമാനത്തിൽ കൊണ്ടുപോകാൻ അനുവദിക്കില്ല.∙ മറ്റു ഗാഡ്‌ജെറ്റുകൾ ശ്രദ്ധിക്കുക:
ലാപ്ടോപ്പും ക്യാമറയും: ഇവയും ഹാൻഡ് ബാഗേജിൽ കൊണ്ടുപോകുന്നതാണ് ഉചിതം. സ്പെയർ ബാറ്ററികൾ നിർബന്ധമായും കൈവശം തന്നെ വയ്ക്കണം. ഇ-സിഗരറ്റ്, വേപ്പുകൾ: ഇവ വിമാനത്തിനുള്ളിൽ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ പാടില്ല. ഇവയും ഹാൻഡ് ബാഗിൽ തന്നെ സൂക്ഷിക്കണം. സ്മാർട്ട് ലഗേജ്: ബാറ്ററികൾ നീക്കം ചെയ്യാൻ കഴിയുന്ന സ്മാർട്ട് ബാഗുകൾ മാത്രമേ അനുവദിക്കൂ. ഈ ബാറ്ററികൾ ഊരിയെടുത്ത് കൈവശം വയ്ക്കണം.

∙ യാത്രക്കാർ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ:
വിമാനയാത്രയ്ക്കിടെ യാത്രക്കാരുടെ കൈവശമുള്ള ഫോണോ പവർ ബാങ്കോ അമിതമായി ചൂടാകുകയോ, അതിൽനിന്ന് പുകയോ ഗന്ധമോ വരികയോ ചെയ്താൽ ഒട്ടും വൈകാതെ വിമാന ജീവനക്കാരെ വിവരമറിയിക്കണം. മൊബൈൽ ഫോൺ സീറ്റിനിടയിൽ വീണുപോയാൽ അത് എടുക്കാനായി സീറ്റ് ചലിപ്പിക്കരുത്. സീറ്റിന്റെ മെക്കാനിസത്തിനിടയിൽപ്പെട്ട് ബാറ്ററി അമരുന്നത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ കാബിൻ ക്രൂവിന്റെ സഹായം തേടുക.
രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇന്ത്യ ഈ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് യാത്രക്കാർ ഈ നിയമങ്ങളോട് സഹകരിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.










































