റാസൽഖൈമ: യാത്രക്കാരുടെ എണ്ണത്തിൽ സർവകാല നേട്ടവുമായി റാസൽഖൈമ രാജ്യാന്തര വിമാനത്താവളം. ചരിത്രത്തിലാദ്യമായി 2025ൽ 10 ലക്ഷത്തിലധികം (10,00,303) യാത്രക്കാരെ വിമാനത്താവളം കൈകാര്യം ചെയ്തു.മുൻ വർഷത്തെ അപേക്ഷിച്ച് 51% വർധന. വിമാന സർവീസുകളുടെ എണ്ണം 37% വർധിച്ചു. റാസൽഖൈയിൽ നിന്നുള്ള രാജ്യാന്തര സെക്ടറുകളുടെ എണ്ണം 16 ആയി ഉയർന്നു. ഇന്ത്യ, പാക്കിസ്ഥാൻ, സൗദി, റഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതൽ സർവീസുകൾ ആരംഭിച്ചത്.കോഴിക്കോട്, മുംബൈ, ഹൈദരാബാദ്, ലക്നൗ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് വിമാന സർവീസുള്ളത്.അറ്റാദായത്തിലെ 29.4% വർധന വിമാനത്താവളത്തിന്റെ സുസ്ഥിര വളർച്ചയെ സൂചിപ്പിക്കുന്നു. എയർ അറേബ്യ റഷ്യയിലെ കസാൻ, യെക്കാറ്റെറിൻബർഗ്, ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റ് തുടങ്ങിയ നഗരങ്ങളിലേക്കാണ് കഴിഞ്ഞ വർഷംപുതിയ സർവീസുകൾ ആരംഭിച്ചത്.
മധ്യപൂർവദേശ, ഏഷ്യൻ മേഖലകളിലെ എയർപോർട്ടുകളിൽ ആദ്യമായി ഊർജക്ഷമതയുള്ള തെർമോഡൈനാമിക് കൂളിങ് സാങ്കേതികവിദ്യ നടപ്പിലാക്കിയതും റാസൽഖൈമയാണ്. എമിറേറ്റിലെ ആദ്യത്തെ പ്രത്യേക ചരക്കുവിമാന സർവീസ് കേന്ദ്രമായി റാസൽഖൈമയെ തിരഞ്ഞെടുത്തതും വികസനരംഗത്തെ നേട്ടമാണ്.1,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വിവിഐപി ടെർമിനലിന്റെയും 8,000 ചതുരശ്ര മീറ്റർ ഹാങറിന്റെയും നിർമാണം ആരംഭിച്ച് അടിസ്ഥാന സൗകര്യ വികസനം വിപുലപ്പെടുത്തി. പരിസ്ഥിതി, നവീകരണം, ബിസിനസ് കണ്ടിന്യൂയിറ്റി മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ രാജ്യാന്തര ഐഎസ്ഒ സർട്ടിഫിക്കേഷനുകളും വിമാനത്താവളം നിലനിർത്തി. റാസൽഖൈമ സിവിൽ ഏവിയേഷൻ ഡിപാർട്മെന്റ് ചെയർമാൻ ഷെയ്ഖ് സാലം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്









































