ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അപ്രതീക്ഷിത സംഘർഷാവസ്ഥയെത്തുടർന്ന് ആശങ്കയിലായിരുന്ന ആയിരക്കണക്കിന് പ്രവാസി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സിബിഎസ്ഇ പരീക്ഷകൾ മാറ്റി വച്ചത് വലിയ ആശ്വാസമായി. ഈ മാസം 5, 6 തിയതികളിൽ നടക്കേണ്ടിയിരുന്ന 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളാണ് മാറ്റി വച്ചത്.യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് ഈ മാറ്റം ബാധകം. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് ബോർഡിന്റെ നിർണായക തീരുമാനം.
പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും വ്യോമാക്രമണങ്ങളും കാരണം കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനെച്ചൊല്ലി രക്ഷിതാക്കൾ വലിയ പരിഭ്രാന്തിയിലായിരുന്നു. യുഎഇയിലെ സ്കൂളുകൾ ഇതിനോടകം തന്നെ ഓൺലൈൻ പഠനത്തിലേക്ക് മാറിയ സാഹചര്യത്തിൽ പരീക്ഷകൾ കൂടി നീട്ടിവച്ചത് പ്രവാസി സമൂഹത്തിന് വലിയൊരനുഗ്രഹമായി. പെരുന്നാളിന് മുൻപായി പരീക്ഷകൾ സുരക്ഷിതമായി പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഈ മാസം അഞ്ചിന് സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തിയ ശേഷം ഏഴാം തീയതി മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. വിദ്യാർഥികൾ കൂടുതൽ വിവരങ്ങൾക്കായി അതത് സ്കൂളുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു















































