അബുദാബി: മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വ്യോമഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ യുഎഇയിൽ കുടുങ്ങിയ ഇറ്റാലിയൻ പൗരന്മാരടക്കമുള്ള വിദേശികളെ സുരക്ഷിതമായി നാട്ടിലെത്തിച്ച് റെസ്പോൺസ് പ്ലസ് ഹോൾഡിങ് (RPM). ബുർജീൽ ഹോൾഡിങ്സ് ചെയർമാനും ആർപിഎം സ്ഥാപകനുമായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലാണ് ഈ ജീവകാരുണ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
ആർപിഎമ്മിന്റെ ഉപകമ്പനികളായ ഐകാറ്റ് റെസ്പോൺസ് പ്ലസ്യും പ്രൊമിത്യൂസ് മെഡിക്കൽ ഇന്റർനാഷനൽയും ചേർന്നാണ് പ്രത്യേക രക്ഷാപ്രവർത്തനം നടത്തിയത്. ഷാർജയിൽ നിന്ന് ഇറ്റലിയിലെ ബെർഗാമോയിലേക്കുള്ള പ്രത്യേക വിമാന സർവീസിലൂടെയാണ് യാത്രക്കാരെ നാട്ടിലെത്തിച്ചത്.
മുതിർന്ന പൗരന്മാർ, കൊച്ചു കുട്ടികളുള്ള കുടുംബങ്ങൾ, പ്രത്യേക വൈദ്യസഹായം ആവശ്യമായവർ എന്നിവരെയാണ് മുൻഗണനാ അടിസ്ഥാനത്തിൽ യാത്രയ്ക്ക് തിരഞ്ഞെടുത്തത്. യാത്ര മുഴുവൻ വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടവും ഒരുക്കിയിരുന്നു.
യുഎഇയിലെ ഇറ്റാലിയൻ സ്ഥാനപതി ലോറെൻസോ ഫനാര, ഈ ദൗത്യത്തിന് നേതൃത്വം നൽകിയ ആർപിഎം ഗ്രൂപ്പിനും ഡോ. ഷംഷീർ വയലിലിനും നന്ദി രേഖപ്പെടുത്തി. വിമാന സർവീസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ വിനോദസഞ്ചാരികളടക്കമുള്ള ഇറ്റാലിയൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാൻ നൽകിയ സഹായം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ആർപിഎം സിഇഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു: വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും രാജ്യാന്തര നിലവാരത്തിലുള്ള ക്രിട്ടിക്കൽ കെയർ സേവനങ്ങൾ നൽകാൻ ആർപിഎം സജ്ജമാണ്.
വിമാന സർവീസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ കുടുങ്ങിയവരെ സ്വദേശത്തെത്തിക്കാനും വിദേശത്തുള്ള യുഎഇ പൗരന്മാരെ നാട്ടിലെത്തിക്കാനും അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതായും ആർപിഎം അറിയിച്ചു. യുഎഇയിലെ ഏറ്റവും വലിയ ഓൺസൈറ്റ് ഹെൽത്ത് കെയർ സേവന ദാതാക്കളിലൊന്നായ ആർപിഎം മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ സാന്നിധ്യം ശക്തമാക്കി വരികയാണ്.
English Summary: Response Plus Holding (RPM), led by Dr. Shamsheer Vayalil, successfully evacuated stranded Italian citizens from the UAE amid regional air travel disruptions. A special flight from Sharjah to Bergamo, Italy, was arranged with medical support onboard. The mission prioritised elderly passengers, families with children, and those requiring medical assistance. Italian Ambassador Lorenzo Fanara praised RPM for the humanitarian effort.













































