കാസർകോട് | UAE വാർത്ത
നൂറ് പതാകകളെത്തിയതോടെ കാസർകോട് കുനിയയിൽ സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ബുധനാഴ്ച പ്രൗഢ തുടക്കം കുറിക്കും. കോഴിക്കോട് വരക്കൽ മഖാമിൽ നിന്ന് പുറപ്പെട്ട പതാകകൾ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തളങ്കര മാലിക് ദീനാർ മഖാമിലെത്തി.
1926ൽ രൂപവത്കരിച്ച സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചാണ് ബുധനാഴ്ച മുതൽ എട്ടാം തീയതി വരെ കുനിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിൽ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തളങ്കര മാലിക് ദീനാർ മഖാമിൽ നിന്ന് പതാകകളുമായി ഘോഷയാത്ര സമ്മേളന നഗരിയിലേക്ക് പുറപ്പെടും. 3.30ന് പെരിയാട്ടടുക്കത്തിൽ നിന്ന് സമ്മേളന നഗരിയിലേക്ക് വോളണ്ടിയർ മാർച്ച് നടക്കും. വൈകിട്ട് 4.30ന് സമ്മേളന നഗരിയിൽ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തും.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടന നേതാക്കളും ചേർന്ന് 99 പതാകകൾ ഉയർത്തും. രാത്രി ഏഴിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാകും. കുമ്പോൾ അലി തങ്ങൾ പ്രാർത്ഥന നിർവഹിക്കും.
സമസ്ത ട്രഷറർ പി.പി. ഉമർ മുസ്ലിയാർ കൊയ്യോട് ആമുഖപ്രഭാഷണം നടത്തും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, കെ. സുധാകരൻ എം.പി, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാൽ, ഇ. ചന്ദ്രശേഖരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.










































