UAE കാർസ് ക്ലബ്ബുമായി സഹകരിച്ചാണ് മോട്ടോർ ഷോ സംഘടിപ്പിക്കുന്നത്.
പെർഫോമൻസ്, മസിൽ, ക്ലാസിക് കാറുകൾക്കൊപ്പം തത്സമയ സംഗീതവും കുട്ടികൾക്കുള്ള വിനോദപരിപാടികളും
ആദ്യ പ്രദർശനം ഒക്ടോബർ 3-ന് അൽ ഖസ്ബയിൽ; നൂറിലേറെ വാഹനങ്ങൾ അണിനിരക്കും
പ്രവേശനം സൗജന്യം
ഷാർജ: നൂറിലേറെ വാഹനങ്ങൾ അണിനിരക്കുന്ന വാഹന പ്രദർശന പരമ്പരയ്ക്ക് ഷാർജയിൽ ഒക്ടോബർ മൂന്നിന് തുടക്കമാകും. ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്), യു.എ.ഇ. കാർസ് ക്ലബ്ബുമായി സഹകരിച്ചാണ് നാല് വേദികളിലായി ‘മോട്ടോർ ഷോ-ഷാർജ’ സംഘടിപ്പിക്കുന്നത്.

പരമ്പരയിലെ ആദ്യപ്രദർശനം ഒക്ടോബർ 3 ശനിയാഴ്ച അൽ ഖസ്ബയിൽ നടക്കും. വൈകീട്ട് നാലുമുതൽ രാത്രി ഒൻപതുവരെ നടക്കുന്ന പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. ജി.സി.സി. രാജ്യങ്ങളിൽനിന്നുള്ളവ ഉൾപ്പെടെ നൂറിലേറെ വാഹനങ്ങളാണ് അൽ ഖസ്ബയിൽ അണിനിരക്കുക.
പെർഫോമൻസ് കാറുകൾ, മോഡിഫൈഡ്-ട്യൂൺഡ് കാറുകൾ, മസിൽ കാറുകൾ, ജാപ്പനീസ് സ്പോർട്സ്-ട്യൂണർ കാറുകൾ, ക്ലാസിക് കാറുകൾ, ഫോർ വീൽ ഡ്രൈവ്-ഓഫ് റോഡ് വാഹനങ്ങൾ തുടങ്ങി വിവിധതരം വാഹനങ്ങൾ പ്രദർശനത്തിന്റെ ഭാഗമാകുന്നുണ്ട്. ലോകത്തെ പ്രമുഖ വാഹന ബ്രാൻഡുകളുടെ വിവിധ മോഡലുകളും മേളയിൽ കാണാം.
വാഹനപ്രദർശനത്തിനൊപ്പം കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. തത്സമയ സംഗീതം, മാസ്കോട്ടുകൾ, കുട്ടികൾക്കുള്ള വിനോദപരിപാടികൾ എന്നിവയ്ക്കൊപ്പം ഭക്ഷണ-പാനീയ സൗകര്യങ്ങളും വേദിയിലുണ്ടാകും.
ഷാർജയിലെ നാല് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലായാണ് ഈ വർഷത്തെ മോട്ടോർ ഷോ പരമ്പര നടക്കുന്നത്. ഒക്ടോബർ 3ന് അൽ ഖസ്ബയിലെ ആദ്യ പ്രദർശനത്തിന് ശേഷം നവംബർ 14-ന് അൽ ഹീറ ബീച്ച്, ഡിസംബർ 12-ന് അൽ മജാസ് വാട്ടർഫ്രണ്ട്, 2027 ജനുവരി 16-ന് ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിലാണ് തുടർപ്രദർശനങ്ങൾ. എല്ലാ വേദികളിലും വൈകീട്ട് നാലുമുതൽ രാത്രി ഒൻപതുവരെയാണ് പരിപാടി. പ്രവേശനം സൗജന്യമായിരിക്കും.
യുഎഇയിലെ മോഡിഫൈഡ് കാർ കൂട്ടായ്മകളെയും മറ്റ് വാഹനപ്രേമികളെയും പൊതുജനങ്ങളെയും ഒരേ വേദിയിലെത്തിക്കുന്നതിനൊപ്പം, കാറുകളും സംസ്കാരവും സാമൂഹിക കൂട്ടായ്മയും കേന്ദ്രീകരിച്ചുള്ള വാർഷിക പരിപാടിയായി ‘ദ മോട്ടോർ ഷോ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.











