ഒൻപത് വിഭാഗങ്ങളിലായി നടക്കുന്ന മൂന്നാം പതിപ്പിൽ പങ്കെടുക്കാൻ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്കും എഴുത്തുകാർക്കും കൂടുതൽ സമയം അനുവദിച്ച് ഷാർജ മീഡിയ സിറ്റി.
ഷാർജ, സെപ്റ്റംബർ 30, 2026 —അറബ് ലോകത്തെ മാധ്യമപ്രവർത്തകർക്കും ഡിജിറ്റൽ ഉള്ളടക്ക നിർമ്മാതാക്കൾക്കുമായി ഏർപ്പെടുത്തിയ മൂന്നാമത് ‘ഷംസ് അവാർഡ് ഫോർ അറബിക് കണ്ടന്റി’ന് എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടിയതായി ഷാർജ മീഡിയ സിറ്റി (ഷംസ്) അറിയിച്ചു.
നേരത്തെ ഒക്ടോബർ ഒന്നിന് റജിസ്ട്രേഷൻ പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ യുഎഇ അടക്കമുള്ള അറബ് മേഖലയിലെ സർഗ്ഗാത്മക പ്രതിഭകളിൽ നിന്നും മാധ്യമ പ്രവർത്തകരിൽ നിന്നും ലഭിച്ച വലിയ താല്പര്യം പരിഗണിച്ചാണ് സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടാൻ അധികൃതർ തീരുമാനിച്ചത്.
ഈ വർഷത്തെ മത്സരത്തിൽ മൂന്ന് പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച പരമ്പര തിരക്കഥാകൃത്ത് (Best Series Screenwriter), സിനിമ/പരമ്പര വിഭാഗങ്ങളിലെ മികച്ച പശ്ചാത്തല സംഗീതം (Best Original Score), മികച്ച പരസ്യം (Best Creative Advertisement) എന്നിവയാണ് പുതുതായി ചേർത്തത്. മികച്ച ഹ്രസ്വചിത്രം, മികച്ച എഐ വീഡിയോ, മികച്ച ഉള്ളടക്ക നിർമ്മാതാവ് (Content Creator), മികച്ച പോഡ്കാസ്റ്റ്, മികച്ച നടൻ, മികച്ച നടി എന്നീ സ്ഥിരം വിഭാഗങ്ങൾക്ക് പുറമെയാണിത്. ഇതോടെ ആകെ മത്സരവിഭാഗങ്ങളുടെ എണ്ണം ഒൻപതായി.
മാധ്യമരംഗത്ത് നിർമ്മിത ബുദ്ധിയുടെ (AI) കടന്നുവരവും ആധുനിക സാങ്കേതികവിദ്യകളുടെ വളർച്ചയും പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് പുരസ്കാരങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ഷംസ് വ്യക്തമാക്കി. പരമ്പരാഗത ചലച്ചിത്ര-ടെലിവിഷൻ മേഖലകളെയും നവമാധ്യമങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തി ഗുണനിലവാരമുള്ള അറബിക് ഉള്ളടക്കങ്ങൾക്ക് ആഗോളതലത്തിൽ സ്വീകാര്യത നൽകുകയാണ് പുരസ്കാരത്തിന്റെ ലക്ഷ്യം.
വിദഗ്ദ്ധ മാധ്യമപ്രവർത്തകരും സാങ്കേതിക വിദഗ്ദ്ധരും അടങ്ങുന്ന ജൂറിയാണ് എൻട്രികൾ വിലയിരുത്തുന്നത്. പ്രമേയത്തിന്റെ മൗലികത, സാങ്കേതിക മികവ്, സാമൂഹിക പ്രതിബദ്ധത എന്നിവ മാനദണ്ഡമാക്കിയാണ് അവാർഡ് നിശ്ചയിക്കുക. താല്പര്യമുള്ള പ്രതിഭകൾക്ക് ഷംസിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒക്ടോബർ 31-നകം എൻട്രികൾ സമർപ്പിക്കാം.










