റാസൽഖൈമ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഇറ്റാലിയൻ ശിൽപിയും പ്രശസ്ത ഹോളിവുഡ് നടൻ ആൻറണി ക്വിന്നിന്റെ മകനുമായ ലോറൻസോ ക്വിന്നിനെ സ്വീകരിച്ചു.
സഖർ ബിൻ മുഹമ്മദ് സിറ്റി പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ സമൂഹങ്ങൾക്കിടയിൽ സ്നേഹവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിൽ കലയുടെ പങ്ക് വളരെ പ്രധാനമാണെന്ന് ശൈഖ് സൗദ് പറഞ്ഞു.
സമൂഹങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ദൃശ്യകലകൾ നിർണായക പങ്ക് വഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ലോറൻസോ ക്വിന്നിന്റെ ശിൽപങ്ങളിൽ മനുഷ്യസ്നേഹം, ഐക്യം, സഹിഷ്ണുത, സമാധാനം, സുസ്ഥിരത തുടങ്ങിയ സന്ദേശങ്ങൾ പ്രതിഫലിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്ന കലാത്മക ദർശനമാണ് ക്വിന്നിന്റെ ശിൽപങ്ങളിൽ പ്രതിഫലിക്കുന്നതെന്നും ശൈഖ് സൗദ് കൂട്ടിച്ചേർത്തു.
കൂടിക്കാഴ്ചയിൽ തന്റെ ശിൽപങ്ങളെയും വിവിധ കലാപദ്ധതികളെയും കുറിച്ച് ലോറൻസോ ക്വിൻ ശൈഖ് സൗദിനോട് വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും സംബന്ധിച്ച ബോധവൽക്കരണം ശക്തിപ്പെടുത്തുന്ന ആഗോള ശ്രമങ്ങളുമായി തന്റെ കലാപദ്ധതികൾ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.







































