ക്യാംപസ് ആശയങ്ങളെ വിപണിയിലെത്തിക്കാൻ സമഗ്ര പദ്ധതി; ഷെറായുടെ ഇൻകുബേഷൻ പിന്തുണയും മാർഗ്ഗനിർദേശങ്ങളും വിദ്യാർഥികൾക്ക് ലഭ്യമാക്കും
ഷാർജ —വിദ്യാർഥികളുടെയും ഗവേഷകരുടെയും നൂതന ആശയങ്ങളെ വാണിജ്യ അടിത്തറയുള്ള സ്റ്റാർട്ടപ്പുകളാക്കി മാറ്റുന്നതിനായി ഷാർജ എന്റർപ്രണർഷിപ്പ് സെന്ററും (ഷെറാ) അൽ ദൈദ് സർവകലാശാലയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
അക്കാദമിക് മികവിനെ ഷാർജയുടെ വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് പുതിയ സഹകരണ കരാർ. സർവകലാശാല കാമ്പസിൽ നടന്ന ചടങ്ങിൽ ഷെറാ സിഇഒ സാറ അബ്ദുൽ അസീസ് അൽ നുഐമിയും അൽ ദൈദ് സർവകലാശാല ചാൻസലർ പ്രൊഫ. ആയിഷ ബുഷെലൈബിയും ധാരണാപത്രം കൈമാറി.
കരാറിന്റെ ഭാഗമായി സർവകലാശാലയിലെ വിദ്യാർഥികൾക്കും ബിരുദധാരികൾക്കും ഷെറായുടെ അംഗത്വ പരിപാടികളിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ബിസിനസ് ആശയങ്ങളുടെ പ്രായോഗികത പരിശോധിക്കൽ, ഫണ്ടിങ് സാധ്യതകൾ കണ്ടെത്തൽ, വിപണി പ്രവേശനത്തിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തൽ എന്നിവയിൽ വിദഗ്ധ പരിശീലനം ഉറപ്പാക്കും.
യുഎഇയുടെയും ഷാർജയുടെയും സാമ്പത്തിക മുൻഗണനാ മേഖലകൾക്ക് അനുയോജ്യമായ സ്റ്റാർട്ടപ്പുകൾക്ക് മുൻഗണന നൽകാനാണ് ഇരു സ്ഥാപനങ്ങളുടെയും തീരുമാനം. വിദ്യാർഥികൾക്ക് തങ്ങളുടെ സംരംഭങ്ങൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കാൻ പ്രശസ്തമായ ഷാർജ എന്റർപ്രണർഷിപ്പ് ഫെസ്റ്റിവലിലും (SEF) മറ്റ് വ്യവസായ മേളകളിലും പ്രത്യേക അവസരമൊരുക്കും.
ക്ലാസ്റൂം പഠനത്തിനൊപ്പം സംരംഭകത്വ പരിചയം ഉറപ്പാക്കാൻ പ്രമുഖ ബിസിനസ് വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വർക്ക്‌ഷോപ്പുകളും മെന്റർഷിപ്പ് സെഷനുകളും സർവകലാശാലയിൽ സംഘടിപ്പിക്കും.
അക്കാദമിക് ഗവേഷണങ്ങളെ തൊഴിൽ സാധ്യതകളും സാമ്പത്തിക നേട്ടവുമുള്ള സംരംഭങ്ങളാക്കി മാറ്റുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യമെന്ന് പ്രൊഫ. ആയിഷ ബുഷെലൈബി വ്യക്തമാക്കി. പുതിയ തലമുറയിലെ പ്രതിഭകൾക്ക് വ്യവസായ ലോകത്തേക്ക് വഴികാട്ടാൻ സർവകലാശാലാ തലത്തിലുള്ള ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് സാറ അബ്ദുൽ അസീസ് അൽ നുഐമിയും ചൂണ്ടിക്കാട്ടി.






