ചെന്നൈ: സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ റിസോർട്ട് രാഷ്ട്രീയം ശക്തമാകുന്നു. കൂറുമാറ്റം ഭയന്ന് എ.ഐ.എ.ഡി.എം.കെ പതിനഞ്ചിലധികം എം.എൽ.എമാരെ പുതുച്ചേരിയിലെ ഒരു പ്രമുഖ റിസോർട്ടിലേക്ക് മാറ്റി.
പാർട്ടി നേതാവ് എടപ്പാടി കെ. പളനിസ്വാമിയുടെ വിശ്വസ്തനും രാജ്യസഭാ എം.പിയുമായ സി.വി. ഷണ്മുഖം ‘ദ ഷോർ ത്രിശ്വം’ റിസോർട്ടിൽ ഇരുപതിലധികം മുറികൾ ബുക്ക് ചെയ്തതായാണ് വിവരം. എം.എൽ.എമാരെ സുരക്ഷിതമായി ഒപ്പം നിർത്താൻ ഈ നീക്കം സ്വീകരിച്ചതാണെന്ന് സൂചന.
ഇതിനിടെ, 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകം സർക്കാർ രൂപീകരണത്തിന് ആവശ്യമായ 118 സീറ്റുകൾ നേടാൻ ശ്രമം തുടരുകയാണ്. എ.ഐ.എ.ഡി.എം.കെയിലെ ചില എം.എൽ.എമാർ ടി.വി.കെയെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് പുതിയ നീക്കങ്ങൾക്ക് വഴിവച്ചത്.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായി ഡി.എം.കെയും എ.ഐ.എ.ഡി.എം.കെവും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായും സൂചനയുണ്ട്. ഡി.എം.കെക്ക് 59 സീറ്റുകളും എ.ഐ.എ.ഡി.എം.കെക്ക് 47 സീറ്റുകളുമുള്ള സാഹചര്യത്തിൽ ഈ നീക്കങ്ങൾ നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ടി.വി.കെ നേതാവ് വിജയ് ഗവർണർ രാജേന്ദ്ര അർലേക്കർനെ കണ്ടു സർക്കാർ രൂപീകരണാവകാശം ഉന്നയിച്ചെങ്കിലും, ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. നിലവിൽ കോൺഗ്രസടക്കം 112 എം.എൽ.എമാരുടെ പിന്തുണയാണ് ടി.വി.കെയ്ക്ക് ലഭ്യമെന്നാണ് റിപ്പോർട്ട്.
അതേസമയം, സ്വന്തം എം.എൽ.എമാരെ സംരക്ഷിക്കാൻ ടി.വി.കെയും ചിലരെ റിസോർട്ടുകളിലേക്ക് മാറ്റിയതായി വിവരം. രഹസ്യ ചർച്ചകളും റിസോർട്ട് രാഷ്ട്രീയവും ശക്തമാകുന്നതിനിടെ തമിഴ്നാട്ടിൽ സർക്കാർ ആരുണ്ടാക്കുമെന്നതിൽ വലിയ സസ്പെൻസ് തുടരുകയാണ്.













































