ദുബായ്: ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരങ്ങളെ വീണ്ടും കളിക്കളത്തിൽ എത്തിക്കുന്ന ലെജൻഡ്‌സ് 90 ലീഗിന്റെ (L90) നാലാം സീസണിന് ദുബായിൽ വർണാഭമായ തുടക്കം. ഷാംഗ്രി-ലാ ദുബായിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ സ്പിൻ ഇതിഹാസം ഹർഭജൻ സിംഗ്, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജെ.പി. ഡുമിനി, ഇംഗ്ലണ്ട് താരം ജെയിംസ് വിൻസ് എന്നിവർ ചേർന്നാണ് പുതിയ സീസണിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 90 പന്തുകൾ വീതം ഓരോ ഇന്നിങ്‌സിലുമുള്ള വേഗമേറിയ ക്രിക്കറ്റ് ഫോർമാറ്റിലൂടെ കാണികളെ ആവേശത്തിലാഴ്ത്തുന്ന ലീഗിന്റെ നാലാം പതിപ്പ് 2026 മാർച്ചിലാണ് നടക്കുക. ഇതിഹാസ താരങ്ങളുടെ സാന്നിധ്യവും ആധുനിക ക്രിക്കറ്റിന്റെ വേഗതയും ഒത്തുചേരുന്ന ഈ ടൂർണമെന്റ് ഇതിനോടകം തന്നെ ആഗോളതലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

സീസൺ നാലിന്റെ ഔദ്യോഗിക ജേഴ്‌സികളും ട്രോഫിയും ചടങ്ങിൽ അനാവരണം ചെയ്തു. ടൂർണമെന്റിന്റെ വളർച്ചയെയും ലോകോത്തര ക്രിക്കറ്റ് വിനോദം ആരാധകരിലേക്ക് എത്തിക്കാനുള്ള ലീഗിന്റെ പ്രതിബദ്ധതയെയും ചടങ്ങിൽ പങ്കെടുത്ത താരങ്ങൾ പ്രശംസിച്ചു. കഴിഞ്ഞ മൂന്ന് സീസണുകളിലായി യുവരാജ് സിംഗ്, ശിഖർ ധവാൻ, സുരേഷ് റെയ്‌ന, ക്രിസ് ഗെയ്‌ൽ തുടങ്ങിയ വമ്പൻ താരങ്ങൾ ലീഗിന്റെ ഭാഗമായിരുന്നു. നൂതനമായ ഈ ഫോർമാറ്റ് മുതിർന്ന താരങ്ങൾക്ക് തങ്ങളുടെ മികവ് പ്രകടിപ്പിക്കാൻ മികച്ച വേദിയൊരുക്കുന്നുവെന്നും ആരാധകർക്ക് ഇതൊരു പുത്തൻ അനുഭവമായിരിക്കുമെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

ക്രിക്കറ്റിലെ ഗൃഹാതുരത്വവും ആധുനികതയും തമ്മിലുള്ള കൃത്യമായ സന്തുലിതാവസ്ഥയാണ് ലെജൻഡ്‌സ് 90 ലീഗിനെ വ്യത്യസ്തമാക്കുന്നതെന്ന് ജെയിംസ് വിൻസ് അഭിപ്രായപ്പെട്ടു. 90 പന്തുകൾ മാത്രമുള്ള മത്സരമായതിനാൽ കളി കൂടുതൽ വേഗതയുള്ളതും അക്രമാസക്തവുമാകുമെന്ന് ജെ.പി. ഡുമിനി ചൂണ്ടിക്കാട്ടി. ഒരു വിശ്വസനീയവും മത്സരാധിഷ്ഠിതവുമായ ക്രിക്കറ്റ് പ്രോപ്പർട്ടിയായി ലീഗിനെ വളർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലീഗ് ഡയറക്ടർ ഷിവൈൻ ശർമ്മ വ്യക്തമാക്കി. വരും സീസണിൽ കൂടുതൽ അന്താരാഷ്ട്ര താരങ്ങളെ ഉൾപ്പെടുത്തി ലീഗിന്റെ ആഗോള സ്വീകാര്യത വർധിപ്പിക്കാനാണ് സംഘാടകരുടെ നീക്കം.


























