ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനം വീണ്ടും നിരവധി മിസൈലുകളും ഡ്രോണുകളും തകർത്തതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ഇറാനിൽ നിന്നെത്തിയ ഏഴ് ബാലിസ്റ്റിക് മിസൈലുകളിൽ ആറെണ്ണം തകർത്തുവെന്നും ഒരെണ്ണം രാജ്യത്തിനുള്ളിൽ പതിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം 131 ഡ്രോണുകളിൽ 125 എണ്ണം വിജയകരമായി പ്രതിരോധിക്കാൻ കഴിഞ്ഞു. ആറു ഡ്രോണുകൾ വിവിധ പ്രദേശങ്ങളിൽ പതിച്ചതായും സ്ഥിരീകരിച്ചു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ 16 പേർക്ക് കൂടി നിസാര പരിക്കേറ്റു. ഇതോടെ ആകെ പരിക്കേറ്റവരുടെ എണ്ണം 94 ആയി.
പരിക്കേറ്റവരിൽ യു.എ.ഇ സ്വദേശികൾക്ക് പുറമെ ഇന്ത്യ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്താൻ, ഇറാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എരിത്രിയ, ലബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, തുർക്കി, കോമറോസ് എന്നിവിടങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇറാനിൽ നിന്നായി 196 ബാലിസ്റ്റിക് മിസൈലുകളാണ് കണ്ടെത്തിയത്. ഇതിൽ 181 എണ്ണം വ്യോമ പ്രതിരോധ സംവിധാനം തകർത്തു. 13 മിസൈലുകൾ കടലിൽ പതിച്ചപ്പോൾ രണ്ടെണ്ണം രാജ്യത്തിനകത്ത് വീണതായും മന്ത്രാലയം അറിയിച്ചു.
ഇതുവരെ 1,072 ഡ്രോണുകളാണ് കണ്ടെത്തിയത്. ഇതിൽ 1,001 എണ്ണം വിജയകരമായി പ്രതിരോധിച്ചു. ഏഴ് ഡ്രോണുകൾ വിവിധ പ്രദേശങ്ങളിൽ പതിച്ചു. കൂടാതെ ഇറാൻ വിക്ഷേപിച്ച എട്ട് ക്രൂസ് മിസൈലുകളും പ്രതിരോധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് മരണങ്ങളാണ് സ്ഥിരീകരിച്ചത്. പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചത്. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഏത് ആക്രമണവും നേരിടാൻ സേന പൂർണ സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.
സംഘർഷ സാഹചര്യത്തിൽ ചില ദിവസങ്ങൾ വ്യോമപാതകൾ അടഞ്ഞുകിടന്നിരുന്നെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അടിയന്തര വിമാന സർവിസുകൾ നടത്തി. സ്വകാര്യ സ്ഥാപനങ്ങളിൽ അനുവദിച്ചിരുന്ന വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചതോടെ ജീവനക്കാർ വീണ്ടും ഓഫീസുകളിലെത്തി.
മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളും രാജ്യത്ത് സാധാരണ നിലയിൽ പ്രവർത്തനം തുടരുന്നതായും അധികൃതർ അറിയിച്ചു.
The UAE intercepted several ballistic missiles and drones amid regional tensions. Authorities confirmed normal operations across the country as offices reopened and public transport resumed.











































