അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും പ്രോസിക്യൂഷൻ ഏകോപനം വർധിപ്പിക്കുന്നതിനും അബുദാബിയിൽ ഉന്നതതല ചർച്ച
അബുദാബി — അതിർത്തി കടന്നുള്ള സാമ്പത്തിക, സംഘടിത കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടുന്നതിന് സ്വിറ്റ്‌സർലൻഡ്, കസാഖ്‌സ്താൻ എന്നീ രാജ്യങ്ങളുമായി നിയമ-നീതിന്യായ സഹകരണം ശക്തമാക്കി യുഎഇ. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഇരുരാജ്യങ്ങളിലെയും ഉന്നത പ്രോസിക്യൂഷൻ മേധാവികളുമായി അബുദാബിയിൽ പ്രത്യേക കൂടിക്കാഴ്ച നടത്തി.
അബുദാബി ആതിഥേയത്വം വഹിച്ച പതിനഞ്ചാമത് യുഎൻ കുറ്റകൃത്യ പ്രതിരോധ-ക്രിമിനൽ നീതി കോൺഗ്രസിന്റെ (UN Crime Congress) ഭാഗമായാണ് നിർണായക ചർച്ചകൾ നടന്നത്.
സ്വിസ് അറ്റോർണി ജനറൽ സ്റ്റെഫാൻ ബ്ലറ്റ്‌ലറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പരസ്പര നിയമസഹായം, പുതിയ രൂപത്തിലുള്ള കുറ്റകൃത്യങ്ങൾ നേരിടാനുള്ള പ്രായോഗിക അനുഭവങ്ങളുടെ കൈമാറ്റം, വിവരവിനിമയം എന്നിവ പ്രധാന വിഷയങ്ങളായി. അന്താരാഷ്ട്ര തലത്തിൽ സങ്കീർണമാകുന്ന കുറ്റകൃത്യ ശൃംഖലകളെ പ്രതിരോധിക്കാൻ നിയമസംവിധാനങ്ങൾ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്ന് ഇരുപക്ഷവും വിലയിരുത്തി.
തുടർന്ന് കസാഖ്‌സ്താൻ ഡെപ്യൂട്ടി പ്രോസിക്യൂട്ടർ ജനറൽ സുമാഗലി അസ്ഖത് സുമഗലിയുലിയുമായി ഡോ. അൽ ഷംസി ചർച്ച നടത്തി. ഇരുരാജ്യങ്ങളിലെയും പബ്ലിക് പ്രോസിക്യൂഷൻ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണം വിപുലമാക്കാനും, അതിർത്തി കടന്നുള്ള കേസുകളിൽ കൃത്യസമയത്ത് നടപടികൾ പൂർത്തിയാക്കാൻ സ്ഥിരം ആശയവിനിമയ സംവിധാനം രൂപീകരിക്കാനും ധാരണയായി.
വിദേശ രാജ്യങ്ങളുമായി പ്രോസിക്യൂഷൻ തലത്തിലുള്ള ബന്ധം ദൃഢമാക്കുന്നതിലൂടെ രാജ്യാന്തര കുറ്റാന്വേഷണങ്ങളിൽ വേഗതയും കൃത്യതയും ഉറപ്പാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.










