അബുദാബി: മനുഷ്യക്കടത്ത് തടയുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനുമായി നിയമനിർമാണം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം എന്നിവ സംയോജിപ്പിച്ച സമഗ്ര ദേശീയ മാതൃകയാണ് യുഎഇ വികസിപ്പിച്ചിരിക്കുന്നതെന്ന് മനുഷ്യക്കടത്ത് പ്രതിരോധ ദേശീയ സമിതി (NCCHT) വൈസ് ചെയർമാൻ അബ്ദുൽറഹ്മാൻ മുറാദ് അൽ ബ്ലൂഷി പറഞ്ഞു.
15-ാമത് ഐക്യരാഷ്ട്രസഭ ക്രൈം പ്രിവൻഷൻ ആൻഡ് ക്രിമിനൽ ജസ്റ്റിസ് കോൺഗ്രസ് – അബുദാബി 2026ന്റെ ഭാഗമായി നടന്ന പ്രത്യേക സെഷനിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഡിജിറ്റൽ യുഗത്തിലെ മനുഷ്യക്കടത്ത് പ്രതിരോധം: മനുഷ്യക്കടത്ത് തടയുന്നതിനും അടിച്ചമർത്തുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും വിവരസാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തൽ’ എന്ന വിഷയത്തിലായിരുന്നു സെഷൻ. ഗൾഫ് സഹകരണ കൗൺസിൽ മേഖലയിലെ യുഎൻ ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈമിന്റെ (UNODC) പിന്തുണയോടെ യുഎഇയാണ് പരിപാടി സംഘടിപ്പിച്ചത്.
മനുഷ്യരെയും അവരുടെ അന്തസ്സിനെയും കേന്ദ്രബിന്ദുവാക്കിയുള്ളതാണ് യുഎഇയുടെ സമീപനമെന്ന് അൽ ബ്ലൂഷി പറഞ്ഞു. പ്രതിരോധം, കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കൽ, ശിക്ഷ ഉറപ്പാക്കൽ, ഇരകളുടെ സംരക്ഷണം, അന്താരാഷ്ട്ര സഹകരണം എന്നീ അഞ്ച് പ്രധാന തൂണുകളിലാണ് രാജ്യത്തിന്റെ ദേശീയ സംവിധാനം പ്രവർത്തിക്കുന്നത്.
മനുഷ്യക്കടത്തിന്റെ ഇരകളെ സംരക്ഷിക്കുന്നതിനൊപ്പം കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും കുറ്റവാളികൾക്കെതിരെ ഫലപ്രദമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും ഇരകൾ വീണ്ടും ചൂഷണത്തിന് വിധേയരാകുന്നത് തടയുന്നതിനും സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും നിർണായകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള പലേർമോ പ്രോട്ടോക്കോളിൽ ചേരുന്ന മേഖലയിലെ ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ. മാറിവരുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിനനുസരിച്ച് രാജ്യത്തിന്റെ നിയമപരവും സ്ഥാപനപരവുമായ സംവിധാനങ്ങൾ തുടർച്ചയായി ശക്തിപ്പെടുത്തിവരികയാണെന്നും അൽ ബ്ലൂഷി കൂട്ടിച്ചേർത്തു.






