അബൂദബി: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ നാളെ റഷ്യയിലേക്ക് പുറപ്പെടും. സന്ദർശനത്തിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, ഊർജ മേഖല ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുന്നത്. ഇതോടൊപ്പം പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും ചർച്ചകളിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി ജനുവരി 23, 24 തീയതികളിൽ റഷ്യൻ, യുക്രേനിയൻ, യുഎസ് ഉദ്യോഗസ്ഥർ പങ്കെടുത്ത ഉന്നതതല ത്രികക്ഷി ചർച്ചകൾക്ക് യുഎഇ ആതിഥേയത്വം വഹിച്ചിരുന്നു. ഈ ചർച്ചകളിൽ ചില പുരോഗതി കൈവരിക്കാൻ സാധിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
തുടർചർച്ചകളുടെ ഭാഗമായി ഫെബ്രുവരി ഒന്നിന് അബൂദബി വീണ്ടും ഉന്നതതല ചർച്ചകൾക്ക് വേദിയാകുമെന്നും അധികൃതർ അറിയിച്ചു. സമാധാന ശ്രമങ്ങളിൽ സജീവ പങ്കാളിയായി യുഎഇ തുടരുന്നതിന്റെ ഭാഗമായാണ് ഈ നയതന്ത്ര നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്.









































