കോഴിക്കോട്: ഗ്ലാസ് ചിഹ്നത്തിൽ പോസ്റ്ററടിച്ച് പ്രചാരണം ആരംഭിച്ച കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിന് തെരഞ്ഞെടുപ്പ് കമീഷൻ പട്ടിക പ്രസിദ്ധീകരിച്ചതോടെ ലഭിച്ചത് ‘ബക്കറ്റ്’ ചിഹ്നം.
മുൻ തിരഞ്ഞെടുപ്പിൽ ഗ്ലാസ് ചിഹ്നത്തിൽ വിജയിച്ചിരുന്ന അദ്ദേഹം ഇത്തവണയും അതേ ചിഹ്നത്തിനാണ് അപേക്ഷ നൽകിയിരുന്നത്. എന്നാൽ 2025ൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ ചിഹ്നങ്ങളുടെ പട്ടികയിൽ ‘ഗ്ലാസ്’ ഉൾപ്പെട്ടിരുന്നില്ല.
ഇതിനിടെ ഗ്ലാസ് ചിഹ്നത്തിൽ വൻതോതിൽ പോസ്റ്ററുകൾ അച്ചടിച്ച് മണ്ഡലത്തിലെ പലഭാഗങ്ങളിലും പ്രചാരം ആരംഭിച്ചിരുന്നു. ഇപ്പോൾ ആ പ്രചാരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പുതിയ ചിഹ്നമായ ‘ബക്കറ്റ്’ ഉപയോഗിച്ച് വീണ്ടും ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും അച്ചടിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത് പ്രചാരണത്തിന് ചെലവും സംഘാടന പ്രശ്നങ്ങളും വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഫൈസൽ ബാബുവും ബി.ജെ.പി സ്ഥാനാർഥിയായി ടി. റെനീഷും സജീവമായി രംഗത്തുണ്ട്. 2021ൽ പുതുമുഖമായി മത്സരിച്ച ദേവർകോവിൽ ഇപ്പോൾ മണ്ഡലത്തിൽ സുപരിചിതനാണെന്നും, ആയിരം കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ മണ്ഡലമാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു.










