അബുദാബി ∙ യുഎഇയുടെ വികസന കാഴ്ചപ്പാടുകളുടെയും ഭാവി ലക്ഷ്യങ്ങളുടെയും അടിസ്ഥാന ശിലയാണ് വിദ്യാഭ്യാസമെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. വരും തലമുറയെ ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തരാക്കുന്ന തരത്തിൽ വിദ്യാഭ്യാസ മേഖലയെ നവീകരിക്കേണ്ടത് അനിവാര്യമാണെന്നും ഓർമിപ്പിച്ചു. രാജ്യത്തിന്റെ ഏറ്റവും വലിയ നിക്ഷേപം മനുഷ്യവിഭവ ശേഷിയിലാണെന്നും അതിനുള്ള ഏക വഴി ഗുണമേന്മയുള്ള വിദ്യാഭ്യാസമാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അബുദാബിയിലെ ഖസർ അൽ വതനിൽ നടന്ന വിദ്യാഭ്യാസ മികവിനുള്ള പുരസ്കാര ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നൂതന വിദ്യാഭ്യാസത്തിനൊപ്പം ഇമാറാത്തി സംസ്കാരവും മൂല്യങ്ങളും സംരക്ഷിക്കുന്നതിനും ഊന്നൽ നൽകിവരുന്നു. ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങൾക്കായി സർവകലാശാലകൾക്ക് കൂടുതൽ ഫണ്ടുകൾ അനുവദിക്കും. യുഎഇയുടെ സുസ്ഥിര വികസനത്തിന് ലോകോത്തര വിജ്ഞാനമുള്ള തലമുറയെ വാർത്തെടുക്കുക എന്നതാണ് ഭരണകൂടത്തിന്റെ മുൻഗണനയെന്നും ഷെയ്ഖ് മുഹമ്മദ് ആവർത്തിച്ചു വ്യക്തമാക്കി.ആഗോള സമാധാനവും സുസ്ഥിര വികസനവും കൊണ്ടുവരുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് ഉയർത്തിക്കാട്ടുന്നതിനായി2018ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി (യുഎൻജിഎ) പ്രഖ്യാപിച്ച രാജ്യാന്തര വിദ്യാഭ്യാസ ദിനത്തിലായിരുന്നു പരിപാടി. ജനങ്ങളുടെ സ്വത്വവും മൂല്യങ്ങളും ശക്തിപ്പെടുത്തുകയും ദേശീയ വികസന മുൻഗണനകളെ പിന്തുണയ്ക്കുകയും വിജ്ഞാനം, സാങ്കേതികവിദ്യ, നവീകരണം എന്നിവയിലുടനീളം പുരോഗതി കൈവരിക്കുന്നതിൽ സജീവ പങ്കാളികളാകാൻ യുവാക്കളെ ശാക്തീകരിക്കുകയും ചെയ്യുന്ന ആധുനിക വിദ്യാഭ്യാസ സമ്പ്രദായം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പറഞ്ഞു.




































