അബുദാബി: നവജാത ശിശുക്കളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ലളിതമാക്കാന്‍ പുതിയ സംവിധാനവുമായി യുഎഇ ഭരണകൂടം. രക്ഷിതാക്കള്‍ക്ക് സൗകര്യപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ നൂറിലധികം ആശുപത്രികളും ക്ലിനിക്കുകളും ഉള്‍പ്പെടെയുളള സ്ഥാപനങ്ങളുടെ സഹകണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി നല്‍കുന്ന സേവനങ്ങളിലൂടെ യുഎഇയിലെ പുതിയ മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ എല്ലാ നവജാതശിശു രജിസ്ട്രേഷന്‍ നടപടിക്രമങ്ങളും സുഗമമായും പേപ്പര്‍വര്‍ക്കുകളുടെ സമ്മര്‍ദ്ദമില്ലാതെയും പൂര്‍ത്തിയാക്കാന്‍ കഴിയും. രണ്ട് സ്ട്രീംലൈന്‍ഡ് ഡിജിറ്റല്‍ ഓപ്ഷനുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
ആദ്യ ഓപ്ഷനില്‍ പ്രസവശേഷം മാതാപിതാക്കള്‍ ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ തന്നെ മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയാക്കാന്‍ കഴിയും. നവജാതശിശുവിന്റെ പേരും ഫോട്ടോയും ആശുപത്രി രേഖപ്പെടുത്തുന്നതിന് പിന്നാലെയുള്ള നടപടിക്രമങ്ങള്‍ അതോറിറ്റിയുടെ സ്മാര്‍ട്ട് സിസ്റ്റവുമായി ഏകോപിപ്പിച്ച് പൂര്‍ത്തിയാക്കാനാകും. ഇതിന് പിന്നാലെ മാതാപിതാക്കള്‍ക്ക് ഓഫീസ് സന്ദര്‍ശനങ്ങളോ നീണ്ട കാത്തിരിപ്പോ ഇല്ലാതെ നവജാതശിശുവിന്റെ പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, യുഎഇ ഐഡി കാര്‍ഡ് എന്നിവയുള്‍പ്പെടെ എല്ലാ അവശ്യ രേഖകളും അടങ്ങിയ ഒരു റെഡി പാക്കേജ് ലഭിക്കും.
രണ്ടാമത്തെ ഓപ്ഷന്‍ ഐ.സി.പി സ്മാര്‍ട്ട് ആപ്ലിക്കേഷനിലും അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്. മാതാപിതാക്കള്‍ക്ക് അവരുടെ കുടുംബ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ‘നവജാത ശിശുവിനെ ചേര്‍ക്കുക’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കി ജനന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാം. ഇതേ പ്ലാറ്റ്‌ഫോമിലൂടെ, മാതാപിതാക്കള്‍ക്ക് വീട്ടില്‍ നിന്ന് തന്നെ എല്ലാ രേഖകളും സമര്‍പ്പിച്ച് നവജാത ശിശുവിന്റെ പാസ്‌പോര്‍ട്ട്, യുഎഇ ഐഡി കാര്‍ഡ് എന്നിവക്ക് അപേക്ഷ നല്‍കാനും സാധിക്കും. കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ബാക്കിയുള്ള എല്ലാ നടപടിക്രമങ്ങളും സിസ്റ്റംവഴി അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും എന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്.


























