പൊതുദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; രാവിലെ 8.30ന് പാങ്ങ് ഹയർസെക്കന്ററി സ്കൂളിൽ എത്തിക്കും
പൊള്ളാച്ചി/മലപ്പുറം: വാൽപ്പാറ ചുരം റോഡിലുണ്ടായ ദാരുണ അപകടത്തിൽ മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങൾ കേരളത്തിലെത്തി. പൊള്ളാച്ചി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ആംബുലൻസുകൾ അർധരാത്രിയോടെ പുറപ്പെട്ടിരുന്നു. തമിഴ്നാട് പൊലീസ് അകമ്പടിയോടെ കേരള അതിർത്തിവരെ യാത്ര നടത്തിയ ആംബുലൻസുകൾ പിന്നീട് സംസ്ഥാനത്തേക്ക് പ്രവേശിച്ചു.
മൃതദേഹങ്ങൾ ഇന്ന് രാവിലെ 8.30ഓടെ പാങ്ങ് ഹയർസെക്കന്ററി സ്കൂളിലെത്തിക്കും. ഇവിടെ ഒരു മണിക്കൂർ പൊതുദർശനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്. തുടർന്ന് ബന്ധുക്കളുടെ നേതൃത്വത്തിൽ സംസ്കാരച്ചടങ്ങുകൾ വിവിധ സ്ഥലങ്ങളിൽ നടക്കും.
സംസ്‌കാരച്ചടങ്ങുകൾ വിവിധ ഇടങ്ങളിൽ
പ്രധാന അധ്യാപിക പുലാമന്തോൾ സ്വദേശി അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തിതീരത്ത് നടക്കും. ആശയുടെ സംസ്കാരം വീട്ടുവളപ്പിൽ നടത്തും. മജീദ്, ഭാര്യ റുഖിയ എന്നിവരുടെ ഖബറടക്കം മാട്ടാത്ത് മഹല്ലിലും, റംല, സാജിദ, ഷക്കീല എന്നിവരുടെ ഖബറടക്കം പാങ്ങ് ജുമാ മസ്ജിദിലും നടക്കും. സുഹറയും മകൻ ഹിഷാമും ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം ചെയ്യപ്പെടും.
പരിക്കേറ്റവർ ചികിത്സയിൽ
അപകടത്തിൽ പരിക്കേറ്റ മൂന്ന് പേർ ഇപ്പോഴും കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സാജിതയുടെ മകൻ ഷഹദിൻ (11), ട്രാവലർ ഡ്രൈവർ മുഹമ്മദ് ഫായിസ് (22), സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് (39) എന്നിവരാണ് ചികിത്സയിൽ. 48 മണിക്കൂറിന് ശേഷം ഇവരെ മാറ്റാനുള്ള സാധ്യത പരിശോധിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. പരിക്കേറ്റ 11കാരി മസ്‌നീൻ കോട്ടക്കൽ ആശുപത്രിയിലും ചികിത്സയിലാണ്.








































