തിരുവനന്തപുരം: ചിറയിൻകീഴ് അഴൂർ ഗ്രാമപഞ്ചായത്തിലെ അഴൂർ ക്ഷേത്രം വാർഡിൽ എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. മൂലയിൽ കമ്പിക്കകം വീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷനാണ് വീടിനകത്ത് ഉറങ്ങിക്കിടക്കവെ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചത്.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ഉറക്കത്തിനിടെ കുട്ടി പെട്ടെന്ന് ഉണർന്ന് കാലിൽ എന്തോ കടിച്ചുവെന്ന് മാതാപിതാക്കളോട് പറഞ്ഞതായി പറയുന്നു. ഉടൻ തന്നെ കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പാമ്പുകടിയേറ്റുവെന്നു തിരിച്ചറിഞ്ഞതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. വീടിനകത്ത് പാമ്പ് കടന്നുകയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.











































