കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവ് വിധിച്ച കോടതി വിധിക്ക് പിന്നാലെ, വന്ദനയുടെ അമ്മ വസന്തകുമാരി വികാരാധീനമായി പ്രതികരിച്ചു. “എൻ്റെ മകളുടെ ശരീരത്തിൽ 27 കുത്തുകളുണ്ടായിരുന്നു. അവൾ അനുഭവിച്ച വേദന പ്രതിയും അനുഭവിക്കണം,” എന്നായിരുന്നു കണ്ണീരോടെ അമ്മയുടെ പ്രതികരണം.
വധശിക്ഷയേക്കാൾ മകൾ അനുഭവിച്ച വേദനയും ഭയവും പ്രതി തിരിച്ചറിയുന്ന ശിക്ഷ വേണമെന്നായിരുന്നു അവരുടെ നിലപാട്. മകളുടെ ശരീരം കുത്തിക്കീറിയ ക്രൂരത ഓർത്തപ്പോൾ വാക്കുകൾ ഇടറി. “ഇത് നീതിയാണോ എന്നറിയില്ല, എന്നാൽ കൂടുതൽ നടപടികൾക്കായി പ്രോസിക്യൂട്ടറുമായി ആലോചിക്കും,” എന്നും അവർ പറഞ്ഞു.
2023 മേയ് 10-നാണ് കേസിന് ആസ്പദമായ സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്ന ഡോ. വന്ദന ദാസിനെ മദ്യലഹരിയിലായിരുന്ന സന്ദീപ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച പ്രതി പൊലീസുകാരെയും മറ്റുള്ളവരെയും ആക്രമിച്ച ശേഷമാണ് വന്ദനയെ ലക്ഷ്യമിട്ടത്. ഡ്രസിങ് റൂമിൽ നിന്ന് എടുത്ത കത്രിക ഉപയോഗിച്ച് നിരന്തരം കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വന്ദനയെ തിരുവനന്തപുരം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളായിരുന്നു ഉണ്ടായിരുന്നത്.
രണ്ട് വർഷവും പത്ത് മാസവും നീണ്ട നിയമനടപടികൾക്ക് ശേഷം കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി.
പ്രതി മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വാദിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ശക്തമായ ഇടപെടലിലൂടെ അത് തള്ളിക്കളയപ്പെട്ടു. എന്നാൽ “അപൂർവങ്ങളിൽ അപൂർവം” എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല.







































