കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്‍റ് ഡോ. എം.എൻ. സോമനും ഉൾപ്പെടെയുള്ള ഡയറക്ടർ ബോർഡിനെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചു.
വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്‍റായ തുഷാർ വെള്ളാപ്പള്ളിയും നൽകിയ അപ്പീൽ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിന്റെ വിശദമായ വാദം ജൂണിലേക്ക് മാറ്റിയ കോടതി, ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സ്ഥാനങ്ങൾ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കി. അതുവരെ അവർ യോഗങ്ങളിലും മറ്റ് ചുമതലകളിലും തുടരാമെങ്കിലും, അത് അന്തിമ വിധിക്ക് കീഴിലായിരിക്കുമെന്ന് കോടതി സൂചിപ്പിച്ചു.
മൂന്നു വർഷമായി വരവുചെലവ് കണക്കുകൾ സമർപ്പിക്കാത്തതും ഡയറക്ടർമാർക്ക് നിർബന്ധമായ ഡയറക്ടർ ഐഡൻഫിക്കേഷൻ നമ്പർ (ഡിൻ) ഇല്ലാത്തതുമാണ് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് മാർച്ച് 12ന് അയോഗ്യത ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ, 2020ലെ കമ്പനീസ് ഫ്രഷ് സ്റ്റാർട്ട് സ്കീം പ്രകാരം മുൻവർഷങ്ങളിലെ കണക്കുകൾ സമർപ്പിച്ച് രജിസ്ട്രേഷൻ അധികാരികളുടെ അംഗീകാരം നേടിയതായി ഹരജിക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാന തലത്തിൽ ‘ഡിൻ’ സംവിധാനം നടപ്പാക്കിയിട്ടില്ലാത്തതിനാൽ അത് നേടാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നുവെന്ന വാദവും അവർ മുന്നോട്ടുവച്ചു.
രേഖകൾ വർഷങ്ങളായി ഹൈകോടതിയുടെ കസ്റ്റഡിയിലായിരുന്ന സാഹചര്യവും കണക്കിലെടുത്ത് വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്നതിൽ ഇളവ് നൽകിയതിൽ പ്രാഥമികമായ ന്യായീകരണമുണ്ടെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.











































