ദുബൈ | UAE വാർത്ത
അഭിഭാഷകർക്ക് കേസുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ ലളിതവും വേഗതയാർന്നതുമാക്കാൻ ദുബൈ പൊലീസ് പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി. കേസുകളുമായി ബന്ധപ്പെട്ട കടലാസ് ജോലികളും അപേക്ഷകളും ഇനി പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കാതെ തന്നെ 24 മണിക്കൂറും ഓൺലൈനായി പൂർത്തിയാക്കാൻ കഴിയുന്നതാണ് പുതിയ സംവിധാനം.
ദുബൈ പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അഭിഭാഷകർക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഈ പ്ലാറ്റ്‌ഫോമിലേക്ക് യുഎഇ പാസ് ഉപയോഗിച്ചാണ് ലോഗിൻ ചെയ്യുന്നത്. ഏഴ് പ്രത്യേക ഡിജിറ്റൽ നിയമ സേവനങ്ങളാണ് നിലവിൽ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പേപ്പർവർക്കുകൾ പൂർത്തിയാക്കൽ, അപേക്ഷകൾ സമർപ്പിക്കൽ, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യൽ, കേസുകളിലെ തുടർനടപടികൾ സ്വീകരിക്കൽ എന്നിവയെല്ലാം ഇനി ഓൺലൈനായി നടത്താൻ അഭിഭാഷകർക്ക് സാധിക്കും. രജിസ്റ്റർ ചെയ്ത ഓരോ അഭിഭാഷകനും വ്യക്തിഗത ഡിജിറ്റൽ ഡാഷ്‌ബോർഡ് ലഭ്യമാക്കുന്നതോടെ കേസുകൾ, കൺസൾട്ടന്റുകൾ, ക്ലയന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ഒരിടത്ത് തന്നെ കൈകാര്യം ചെയ്യാം.
ക്ലയന്റുകളുടെ ഭാഗത്ത് നിന്ന് ക്രിമിനൽ പരാതികൾ സമർപ്പിക്കൽ, തടവുകാരുമായി വെർച്വൽ കൂടിക്കാഴ്ചയ്ക്ക് അപേക്ഷിക്കൽ, യാത്രാ വിലക്കുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്തൽ, നേരിട്ടുള്ള പേയ്മെന്റുകൾ, കേസുകൾ അവസാനിപ്പിക്കൽ തുടങ്ങിയ സേവനങ്ങളും ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകുമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.
ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഈ പദ്ധതി നിയമ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അധികൃതർ അറിയിച്ചു.




































