നാഗ്പുർ:ട്വന്റി20 ലോകകപ്പ് വാതിൽക്കൽ നിൽക്കെ, ന്യൂസീലൻഡിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ടീം ഇന്ത്യ ഇന്ന് ഇറങ്ങും. ലോകകപ്പിനുള്ള അവസാന തയ്യാറെടുപ്പെന്ന നിലയിൽ ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ് ഈ പരമ്പര. ജനുവരി 31 വരെ നീളുന്ന ന്യൂസീലൻഡ് പരമ്പരയ്ക്ക് പിന്നാലെ ഫെബ്രുവരി 7-നാണ് ട്വന്റി20 ലോകകപ്പിന് തുടക്കമാകുന്നത്.സമീപകാല ട്വന്റി20 പരമ്പരകളിൽ തുടരുന്ന അജയ്യ കുതിപ്പിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അതേസമയം, ഇന്ത്യയിൽ ചരിത്രത്തിൽ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് കിവീസ്. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.അഭിഷേക ശർമയ്ക്കൊപ്പം സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യും. തിലക് വർമയുടെ അഭാവത്തിൽ ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യും. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാലാം നമ്പറിലും ഹാർദിക് പാണ്ഡ്യ അഞ്ചാം നമ്പറിലും ഇറങ്ങും. ജസ്പ്രീത് ബുമ്ര നയിക്കുന്ന ബോളിങ് നിരയ്ക്ക് വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ് എന്നിവർ കരുത്തേകും.കരുത്തോടെ കിവീസ്ഇന്ത്യയിൽ ഏകദിന പരമ്പര ജയം സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി20 പരമ്പരയിലും വിജയക്കൊടി നാട്ടുക എന്ന ലക്ഷ്യത്തോടെ കിവീസ് ഇറങ്ങുന്നു. അവസാനമായി കളിച്ച 21 ട്വന്റി20 മത്സരങ്ങളിൽ 13 ജയങ്ങൾ സ്വന്തമാക്കിയ ടീം മികച്ച ഫോമിലാണ്. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ നയിക്കുന്ന സംഘത്തിൽ ട്വന്റി20 സ്പെഷലിസ്റ്റുകളുടെ അഭാവമില്ല.ഡെവൻ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ജിമി നീഷം, രചിൻ രവീന്ദ്ര തുടങ്ങിയ ഐപിഎലിൽ സ്ഥിരം സാന്നിധ്യമായ താരങ്ങൾ ടീമിലുണ്ട്. യുവ പേസർ ജേക്കബ് ഡഫിയുടെ നേതൃത്വത്തിലുള്ള ബോളിങ് നിരയും ശക്തമാണ്. എന്നാൽ ഏകദിന ക്യാപ്റ്റൻ മിച്ചൽ ബ്രേസ്വെൽ പരുക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയാകുന്നു.ക്യാപ്റ്റൻ സൂര്യകുമാർ യാദവ്“ട്വന്റി20യിൽ ഒന്നിലധികം അർധസെഞ്ചറികളും ഒരു സെഞ്ചറിയും എന്റെ പേരിലുണ്ട്. ടീമിനെ നയിക്കാനുള്ള ചുമതല നൽകിയപ്പോൾ അത് സന്തോഷത്തോടെ ഏറ്റെടുത്തു. എല്ലാ മത്സരങ്ങളിലും ഒരേ ഫോമിൽ കളിക്കാൻ കഴിയണമെന്നില്ല. ചിലപ്പോൾ അടുത്ത മത്സരങ്ങളിൽ തന്നെ വീണ്ടും മികച്ച സ്കോറുകൾ നേടാൻ തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നു,”– സൂര്യകുമാർ യാദവ് പറഞ്ഞു.





































