‘വീട്ടിൽനിന്ന് അകലെ ഒരു വീട്’ എന്നായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ കുറിച്ച് കുട്ടികളോട് സുനിത വില്യംസ് പങ്കുവെച്ച വിശേഷണം. നാസയിൽ 27 വർഷത്തെ സേവനത്തിന് ശേഷം വിലമതിക്കാനാകാത്ത അനുഭവങ്ങൾ പങ്കിടാനായി കോഴിക്കോട് സാഹിത്യോത്സവത്തിലെത്തിയ അവർ, ബഹിരാകാശത്തിലെ അത്യപൂർവ നിമിഷങ്ങൾ ദൃശ്യങ്ങളിലൂടെ വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു.2025 ഡിസംബറിൽ നാസയിൽനിന്ന് വിരമിച്ച സുനിത, ഭൂമിയിൽനിന്നുള്ള യാത്ര മുതൽ ബഹിരാകാശ നിലയത്തിലെ ദിനചര്യ വരെയുള്ള അനുഭവങ്ങൾ വിശദീകരിച്ചു. എട്ട് ദിവസത്തെ ദൗത്യമായി ആരംഭിച്ച യാത്ര സാങ്കേതിക തകരാറുകൾ കാരണം ഒൻപത് മാസമായി നീണ്ടതായും, അവിടെ ഓരോ ദിവസവും പുതിയ കണ്ടെത്തലുകളാണ് ഉണ്ടായിരുന്നതെന്നും അവർ പറഞ്ഞു.ബഹിരാകാശത്തിലെ ഭക്ഷണവിതരണം അമേരിക്കയിലെ ‘ഊബർ ഈറ്റ്‌സ്’ സംവിധാനവുമായി ഉപമിച്ച സുനിത, കുടിവെള്ളം വരെ പുനരുപയോഗത്തിലൂടെയാണ് ലഭിക്കുന്നതെന്ന് വിശദീകരിച്ചു. ശൂന്യതയിലെ നിശബ്ദതയിൽ ഹാലോയീൻ, ക്രിസ്മസ്, ജന്മദിനങ്ങൾ എന്നിവ ആഘോഷിച്ച അനുഭവങ്ങളും കുട്ടികളുമായി അവർ പങ്കുവെച്ചു.നാവികസേനയിലെ ഹെലികോപ്റ്റർ പൈലറ്റായിരുന്ന കാലത്തെ പരിശീലനം ബഹിരാകാശ നിലയത്തിലെ സങ്കീർണ്ണ സംവിധാനങ്ങൾ കൈകാര്യം ചെയ്യാൻ സഹായിച്ചതായും, ഇന്നത്തെ ബഹിരാകാശ ദൗത്യങ്ങൾ കമ്പ്യൂട്ടർ സംവിധാനങ്ങളിലൂടെയാണ് നിയന്ത്രിക്കുന്നതെന്നും സുനിത പറഞ്ഞു. ജീവിതത്തിൽ ഇഷ്ടമുള്ള കാര്യങ്ങൾ പിന്തുടരണമെന്നും നേതൃത്വ ശേഷി വളർത്തണമെന്നും അവർ വിദ്യാർഥികളെ ഉപദേശിച്ചു.സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ബുദ്ധിശക്തിയേക്കാൾ ആകാംക്ഷയും പ്രതിബദ്ധതയും പ്രധാനമാണെന്നും, കുട്ടികളെ വെല്ലുവിളിക്കാൻ മാതാപിതാക്കൾ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു. മധ്യവർഗ കുടുംബത്തിൽനിന്ന് വന്ന തനിക്ക് ഏറ്റവും വലിയ പ്രചോദനം കുടുംബമായിരുന്നുവെന്നും, ആദ്യ ബഹിരാകാശ യാത്രയ്ക്ക് ശേഷം ഇന്ത്യൻ പശ്ചാത്തലമുള്ള അച്ഛനിൽനിന്ന് ലഭിച്ച അംഗീകാരം ജീവിതത്തിലെ വലിയ നിമിഷമായിരുന്നുവെന്നും സുനിത ഓർത്തെടുത്തു.ബഹിരാകാശത്ത് കഴിയുമ്പോൾ ഭൂമിയിലെ കടൽ, കാറ്റ്, വളർത്തുമൃഗങ്ങൾ എന്നിവയെ മിസ്സ് ചെയ്തിരുന്നുവെന്നും, ആ സമയത്താണ് ‘ജേണലിങ്’ എന്ന പുതിയ ഹോബി തുടങ്ങിയതെന്നും അവർ പറഞ്ഞു. വിവിധ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ കുടുംബവുമായി ബന്ധം നിലനിർത്താൻ കഴിഞ്ഞതായും സുനിത വ്യക്തമാക്കി.ബഹിരാകാശ ഗവേഷണത്തിനായി ചെലവിടുന്ന തുക സമൂഹ പുരോഗതിക്ക് ഉപയോഗപ്രദമല്ലെന്ന വാദങ്ങളെ സുനിത ചോദ്യം ചെയ്തു. ബഹിരാകാശ നിലയത്തിലെ വെള്ളത്തിന്റെ പുനരുപയോഗം പോലുള്ള കണ്ടുപിടിത്തങ്ങൾ ഭാവിയിൽ മനുഷ്യരാശിക്ക് നിർണായകമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.ഐൻസ്റ്റീന്റെ വാക്കുകൾ ഉദ്ധരിച്ച്, പരിശീലനം നൽകിയ യുവതലമുറ ഈ മേഖലയിൽ കൂടുതൽ മുന്നേറ്റങ്ങൾ നടത്തുന്നത് കാണാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് സുനിത വില്യംസ് വേദി വിട്ടത്.




































