യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ജോലി തേടുന്നവർക്ക് ഇനി പ്രവൃത്തി പരിചയമോ തസ്തികയോ മാത്രമല്ല, എഐ (കൃത്രിമ ബുദ്ധി) സാങ്കേതികവിദ്യയിലുള്ള അറിവും നിർണായക യോഗ്യതയായി മാറുകയാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.എഐ ഇന്ന് എല്ലാ മേഖലകളിലും ഒഴിവാക്കാനാകാത്ത ഘടകമായി മാറിക്കഴിഞ്ഞുവെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലിങ്ക്ഡ് ഇൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഗൾഫ് മേഖലയിലെ 47 ശതമാനം സ്ഥാപനങ്ങൾക്കും എഐ സഹായമില്ലാതെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല. അതേസമയം, യോഗ്യരായ ഉദ്യോഗാർത്ഥികളെ വേഗത്തിൽ കണ്ടെത്താൻ 76 ശതമാനം സ്ഥാപനങ്ങളും എഐ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.യുഎഇയിലെ തൊഴിൽ വിപണിയിലും ഈ മാറ്റം വ്യക്തമാണ്. ഇവിടെ 52 ശതമാനം തൊഴിലുടമകളും ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് എഐയിലോ ഓട്ടോമേഷനിലോ ഉള്ള അറിവ് പ്രധാന മാനദണ്ഡമായി പരിഗണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഐടി മേഖലയിൽ മാത്രമല്ല, കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ്, കൺസൾട്ടിങ് തുടങ്ങിയ മേഖലകളിലും എഐ പരിജ്ഞാനം അനിവാര്യ ഘടകമായി മാറുകയാണ്. വിവിധ സ്ഥാപനങ്ങളുടെ തൊഴിൽ പരസ്യങ്ങളിൽ തന്നെ എഐ കഴിവുകളുടെ പ്രാധാന്യം വ്യക്തമായി കാണാനാകും. ഇന്ന് എഐ അറിവ് ഒരു അധിക യോഗ്യതയല്ല, മറിച്ച് പ്രധാന യോഗ്യതയായി മാറുന്ന സ്ഥിതിയിലാണ്.ഗൾഫ് മേഖലയിലെ 66 ശതമാനം പ്രൊഫഷണലുകളും ഇപ്പോൾ ജോലിസ്ഥലത്ത് എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്നും, ഇത് ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനൊപ്പം സൃഷ്ടിപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതായും പഠനം വ്യക്തമാക്കുന്നു.പുതിയ ജോലി തേടുന്നവർക്ക്, എഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മികച്ച ഫലങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നത് അത്യാവശ്യമായി മാറുന്നു. വരും വർഷങ്ങളിൽ എല്ലാ മേഖലകളിലും എഐയുടെ ഉപയോഗം കൂടുതൽ വ്യാപകമാകുന്നതോടെ, ഈ മേഖലയിലെ വൈദഗ്ധ്യമുള്ളവർക്കുള്ള ജോലി സാധ്യതകളും ഗണ്യമായി ഉയരുമെന്നതാണ് തൊഴിൽ വിദഗ്ധരുടെ വിലയിരുത്തൽ.




































