രണ്ട് സെന്റീമീറ്റർ വരെ കൃത്യത നൽകുന്ന സാറ്റലൈറ്റ് ട്രാക്കിങ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്; പരീക്ഷയിൽ ആളുകളുടെ ഇടപെടൽ പൂർണമായി ഒഴിവാക്കി
ദുബായ്, സെപ്റ്റംബർ 29, 2026 : ലൈറ്റ് വെഹിക്കിൾ യാർഡ് ഡ്രൈവിങ് ടെസ്റ്റുകൾ പൂർണമായും കംപ്യൂട്ടർ നിയന്ത്രിതവും സുതാര്യവുമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ തലമുറ ‘സ്മാർട്ട് ടെസ്റ്റ് സിസ്റ്റം’ അവതരിപ്പിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ).
ദുബായിൽ ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസിനായുള്ള യാർഡ് ടെസ്റ്റുകളിൽ മൂല്യനിർണയം ഇനി പൂർണമായും നിർമ്മിത ബുദ്ധിയുടെ മേൽനോട്ടത്തിൽ നടക്കും. പരീക്ഷകരുടെ വ്യക്തിപരമായ ഇടപെടലുകൾ പൂർണമായി ഒഴിവാക്കി, തികച്ചും സുതാര്യവും പക്ഷപാതരഹിതവുമായ ഫലം ഉറപ്പാക്കാനാണ് പുതിയ സ്മാർട്ട് ടെസ്റ്റ് സിസ്റ്റം (STS) നടപ്പിലാക്കിയതെന്ന് ആർടിഎ വ്യക്തമാക്കി.


റിയൽ ടൈം കൈനമാറ്റിക് (RTK) സാറ്റലൈറ്റ് പൊസിഷനിങ് സാങ്കേതികവിദ്യയാണ് ടെസ്റ്റിങ് വാഹനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നത്. യാർഡിനുള്ളിലെ കാറിന്റെ ചലനങ്ങൾ രണ്ട് സെന്റീമീറ്റർ കൃത്യതയോടെ നിരീക്ഷിക്കാൻ ഇതിന് സാധിക്കും. പാർക്കിങ് ലൈനുകൾ തെറ്റിക്കുന്നത്, ട്രാക്കിൽ നിന്നുള്ള വ്യതിയാനം, അപാകതകൾ എന്നിവ കംപ്യൂട്ടർ നേരിട്ട് കണ്ടെത്തുകയും സ്കോറുകൾ രേഖപ്പെടുത്തുകയും ചെയ്യും.
ആൾമാറാട്ടം തടയാനായി ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം വഴിയാണ് പരീക്ഷാർത്ഥികളുടെ തിരിച്ചറിയൽ പ്രക്രിയ പൂർത്തിയാക്കുന്നത്. പരീക്ഷണ വേളയിൽ വാഹനം നിയന്ത്രിക്കുന്ന വ്യക്തിയുടെ പെരുമാറ്റവും ഡ്രൈവിങ് ശീലങ്ങളും സ്മാർട്ട് ക്യാമറകൾ വിശകലനം ചെയ്യും. കൃത്യമായ ഇടവേളകളിൽ റിയർ വ്യൂ, സൈഡ് മിററുകൾ നോക്കുന്നുണ്ടോ, ബ്ലൈൻഡ് സ്പോട്ടുകൾ ശ്രദ്ധിക്കുന്നുണ്ടോ, സ്റ്റിയറിങ് വീലിൽ കൈകൾ ശരിയായ രീതിയിലാണോ പിടിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ തത്സമയം സെൻസറുകൾ പരിശോധിക്കും.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓട്ടോമാറ്റിക് പ്രിവന്റീവ് എമർജൻസി ബ്രേക്കിങ് സംവിധാനവും വാഹനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാർഡിനുള്ളിൽ ടെസ്റ്റിനിടെ വാഹനം ഏതെങ്കിലും തടസ്സങ്ങളിലോ ഭിത്തിയിലോ ഇടിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടാൽ സിസ്റ്റം തനിയെ ബ്രേക്ക് പ്രവർത്തിപ്പിച്ച് അപകടങ്ങൾ ഒഴിവാക്കും.
പരീക്ഷ പൂർത്തിയായ ഉടൻ തന്നെ ഡ്രൈവിങ്ങിന്റെ പൂർണ്ണമായ വിവരങ്ങൾ പരീക്ഷാർത്ഥിക്ക് ഡിജിറ്റലായി ലഭ്യമാകും. 3D മാപ്പിന്റെയും വീഡിയോ റീപ്ലേയുടെയും സഹായത്തോടെ എവിടെയാണ് തെറ്റുകൾ സംഭവിച്ചതെന്നും എന്തുകൊണ്ടാണ് മാർക്ക് കുറഞ്ഞതെന്നും നേരിട്ട് കണ്ട് ബോധ്യപ്പെടാം.
ഡ്രൈവർ ലൈസൻസിങ് സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിലെ നിർണായക ചുവടുവെപ്പാണ് പുതിയ സ്മാർട്ട് ടെസ്റ്റ് സിസ്റ്റമെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി ഡ്രൈവേഴ്സ് ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ അക്റഫ് പറഞ്ഞു. ഡ്രൈവിങ് പരീക്ഷയിലെ മാനദണ്ഡങ്ങൾ ഏകീകരിക്കാനും വിശ്വാസ്യത വർധിപ്പിക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെസ്റ്റിൽ പരാജയപ്പെടുന്നവർക്ക് തങ്ങളുടെ പോരായ്മകൾ കൃത്യമായി മനസ്സിലാക്കാനും, അതിനനുസരിച്ച് പരിശീലന രീതികളിൽ മാറ്റം വരുത്താൻ ഡ്രൈവിങ് സ്കൂളുകൾക്ക് ഡാറ്റ ലഭ്യമാക്കാനും പുതിയ സാങ്കേതികവിദ്യയിലൂടെ സാധിക്കും. പ്രതികൂല കാലാവസ്ഥയിലും വെളിച്ചക്കുറവുള്ള രാത്രി സമയങ്ങളിലും ഒരേ കൃത്യതയോടെ തന്നെ പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.










