കണ്ണൂർ∙ വടകര സ്വദേശി ഷിംജിത ബസിൽ വച്ച് ലൈംഗികാതിക്രമം ഉണ്ടായെന്ന് ആരോപിച്ച് ചിത്രീകരിച്ച് പ്രചരിപ്പിച്ച വിഡിയോയിൽ തന്റെ മുഖം വ്യക്തമായി പതിഞ്ഞതിനെതിരെ, ദൃശ്യങ്ങളിലെ മറ്റൊരു സ്ത്രീ പരാതിയുമായി രംഗത്ത്. അനാവശ്യമായി തന്റെ മുഖം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നതായും ഇത് സ്വകാര്യത ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി, ഏതാനും ദിവസം മുൻപ് സ്ത്രീ കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകിയതായി സ്ഥിരീകരിച്ചു.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ബസിൽ യാത്ര ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന രീതിയിലാണ് ഷിംജിത വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇതേ ബസിൽ യാത്ര ചെയ്തിരുന്ന മറ്റൊരു സ്ത്രീയുടെയും മുഖം ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നുണ്ട്. ഈ വിഡിയോയിൽ നിന്ന് തന്നെ തിരിച്ചറിയാൻ സാധിക്കുന്ന സാഹചര്യത്തിലാണ് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 17നാണ് സൈബർ പൊലീസിൽ പരാതി നൽകിയത്.
വിഡിയോ പ്രചരിച്ചതിന് പിന്നാലെ ദീപക് ആത്മഹത്യ ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. അതേസമയം, ബസിൽ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ബസിൽ അസ്വാഭാവികമായ യാതൊരു സംഭവവും ഉണ്ടായിട്ടില്ലെന്നും, ഇരുവരും സാധാരണ നിലയിൽ ബസിൽ നിന്ന് ഇറങ്ങി പോയതായും റിപ്പോർട്ടിൽ പറയുന്നു.
മരിച്ച ദീപക്കിനെ ഉൾപ്പെടുത്തി ഷിംജിത ഏഴോളം വിഡിയോകൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും, അവ എഡിറ്റ് ചെയ്ത ശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായുമാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ഷിംജിതയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
ഇതിനിടെ, ‘ഇത് ആക്ഷേപമാണെന്നും, ഷിംജിതയ്ക്ക് പൊലീസിൽ നിന്ന് അനാവശ്യ പരിഗണന ലഭിക്കുന്നുവെന്നും’ ആരോപിച്ച് ദീപക്കിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
English Summary:
A woman whose face appeared in the viral bus video linked to the Shimjitha–Deepak case has filed a complaint with the Kannur Cyber Police, demanding the removal of the footage from social media, citing privacy concerns. Police investigations indicate that no sexual assault occurred on the bus, based on CCTV evidence.





































