ഷാർജ :പത്താമത് എക്സ്പോഷർ രാജ്യാന്തര ഫൊട്ടോഗ്രഫി ഫെസ്റ്റിവൽ ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ ഷാർജയിലെ അൽജാദയിൽ നടക്കും.പ്രപഞ്ചത്തിന്റെ നിഗൂഢതകൾ ഒപ്പിയെടുത്ത ആസ്ട്രോ ഫൊട്ടോഗ്രഫി മുതൽ നഗ്നനേത്രങ്ങൾക്കും അപ്പുറത്തെ സൂക്ഷ്മലോകം വരെ അനാവരണം ചെയ്യുന്ന എമിറാത്തി ഫോട്ടോഗ്രാഫർമാരുടെ സാന്നിധ്യം ഇത്തവണത്തെ മേളയുടെ മുഖ്യ ആകർഷണമാകും. യൂസഫ് അൽ ഖാസിമി, റാഷിദ് അൽ സുമൈത്തി, ഗാദ അൽ ഖാസിമി എന്നീ മൂന്ന് പ്രതിഭകളുടെ വേറിട്ട കാഴ്ചപ്പാടുകളാണ് ഇത്തവണ ഷാർജയിൽ പ്രദർശിപ്പിക്കുന്നത്.രാത്രികാല ആകാശത്തിന്റെ വശ്യത ഒപ്പിയെടുക്കുന്നതിൽ ശ്രദ്ധേയനാണ് യൂസഫ് അൽ ഖാസിമി. നക്ഷത്രസമൂഹങ്ങളെയും ഗാലക്സികളെയും തേടിയുള്ള ഇദ്ദേഹത്തിന്റെ യാത്രകൾ അവിശ്വസനീയമായ ദൃശ്യങ്ങളാണ് സമ്മാനിക്കുന്നത്. ആസ്ട്രോ ഫോട്ടോഗ്രഫിക്ക് പുറമെ, പേമാരിയും ഇടിമിന്നലും തേടിപ്പോകുന്ന ‘സ്റ്റോം ചേസർ’ കൂടിയാണ് ഇദ്ദേഹം.
ഷാർജയിലെ മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു പെട്രോൾ പമ്പിന് മുകളിൽ ഉൽക്കാവർഷം പെയ്യുന്ന അപൂർവ്വ ചിത്രം ഇദ്ദേഹത്തിന്റെ ശേഖരത്തിലെ ശ്രദ്ധേയമായ ഒന്നാണ്. ‘ദ് സ്കൈ – വിത്തിൻ ആൻഡ് ബിയോണ്ട്’ എന്ന വിഭാഗത്തിലാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുക.നമ്മുടെ കാഴ്ചകൾക്ക് അപ്പുറത്തുള്ള മൈക്രോസ്കോപ്പിക് ലോകത്തെയാണ് റാഷിദ് അൽ സുമൈത്തി അവതരിപ്പിക്കുന്നത്. ഉപ്പ് തരികൾ, വൈറ്റമിൻ സി ക്രിസ്റ്റലുകൾ തുടങ്ങിയവയെ അതീവ സൂക്ഷ്മതയോടെ ലെൻസിലാക്കുമ്പോൾ അവ അദ്ഭുതകരമായ ലാൻഡ്‌സ്‌കേപ്പുകളായി മാറുന്നു. ശാസ്ത്രത്തെയും കലയെയും ഒരേ ബിന്ദുവിൽ കൂട്ടിമുട്ടിക്കുന്ന ഇദ്ദേഹത്തിന്റെ ‘ഡാൻസിങ് ക്രിസ്റ്റൽസ്’ എന്ന ചിത്രശേഖരം കാണികളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.
ആന്തരിക വികാരങ്ങളെയും ഓർമകളെയും നിശബ്ദതയെയും കുറിച്ചുള്ള അന്വേഷണമാണ് ഗാദ അഹമ്മദ് അൽ ഖാസിമിയുടെ ഫോട്ടോഗ്രഫി. സാങ്കേതികതയേക്കാൾ ഉപരിയായി പ്രേക്ഷകന്റെ മനസ്സിനെ സ്പർശിക്കുന്ന ‘സൈലൻസ്’ എന്ന സീരീസാണ് ഗാദ അവതരിപ്പിക്കുന്നത്. പ്രവാസികളുടെയും സ്വദേശികളുടെയും സർഗാത്മകതയുടെ പുതിയ തലങ്ങളാണ് ഇവരിലൂടെ എക്സ്പോഷർ വേദിയിൽ തെളിയുന്നത്.’എ ഡെക്കേഡ് ഓഫ് വിഷ്വൽ സ്റ്റോറിടെല്ലിങ്’ എന്ന പ്രമേയത്തിലാണ് പത്താമത് എക്സ്പോഷർ മേള നടക്കുക. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് xposure.net എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാവുന്നതാണ്.




















