തൃക്കരിപ്പൂർ: പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം കൈവരിച്ച അഹ്നഫ് ബിൻ ആബിദ് എംഎൽഎ എക്സലൻസി അവാർഡ് നേടി ശ്രദ്ധേയനായി. തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ അവാർഡാണ് അഹ്നഫിനെ തേടിയെത്തിയത്.
തൃക്കരിപ്പൂർ നടക്കാവിലുള്ള ശ്രീലയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിരവധി വിദ്യാർത്ഥികളെ ആദരിച്ചു. അവരിൽ മലയാളിയല്ലെങ്കിലും മികച്ച അക്കാദമിക് നേട്ടത്തിലൂടെ ശ്രദ്ധ നേടിയ അഹ്നഫ് ബിൻ ആബിദും ഉൾപ്പെട്ടു.
കാസർകോട് ജില്ലയിലെ മാവിലാക്കടപ്പുറം പന്ത്രണ്ടിൽ സ്വദേശിയായ പാണ്ട്യാല ആബിദിന്റെയും മുംബൈ സ്വദേശിനിയും പടന്ന മൈമ സ്കൂളിലെ അധ്യാപികയുമായ ഖദീജയുടെയും മകനാണ് അഹ്നഫ്. ജനനം മഹാരാഷ്ട്രയിലെ മുംബൈയിലായിരുന്നെങ്കിലും പിന്നീട് കുടുംബത്തോടൊപ്പം കേരളത്തിൽ സ്ഥിരതാമസമാക്കുകയായിരുന്നു.
പത്താം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു അഹ്നഫിന്റെ വിദ്യാഭ്യാസം. പ്ലസ് വൺ പഠനത്തിനായി പടന്നക്കടപ്പുറം ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന അദ്ദേഹം പ്ലസ് ടു പരീക്ഷയിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ 1200ൽ 1176 മാർക്ക് നേടിയാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്.
കേരളത്തിലെത്തിയ ശേഷമാണ് അഹ്നഫ് മലയാള ഭാഷ പഠിക്കാൻ തുടങ്ങിയത്. ഭാഷാപരമായ വെല്ലുവിളികൾ മറികടന്ന് മികച്ച വിജയം കൈവരിച്ചതാണ് അദ്ദേഹത്തിന്റെ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.
ഉപരിപഠനത്തിനായി മുക്കത്തെ കെ.എം.സി.ടി എമർജിങ് ടെക്‌നോളജി കോളേജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് കോഴ്‌സിൽ അഹ്നഫ് പ്രവേശനം നേടിയിട്ടുണ്ട്. സഹോദരി ആഫ്രിനാണ്.










































