ട്രെയിലർ സുരക്ഷാ പരിശോധന ശക്തമാക്കി RTA
ദുബായ്: ട്രെയിലറുകളുടെ സുരക്ഷ ഉറപ്പാക്കി റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ‘ട്രെയിലർ സേഫ്റ്റി’ എന്ന പേരിൽ വിപുലമായ പരിശോധനയും ബോധവത്കരണ ക്യാമ്പയിനും നടത്തി. ദുബായിലെ പ്രധാന റോഡുകളിൽ നടത്തിയ ക്യാമ്പയിനിൽ 1,500 ഹെവി വാഹന ഡ്രൈവർമാർക്ക് ട്രെയിലർ സുരക്ഷാ മാനദണ്ഡങ്ങൾ, ലൈസൻസിങ് നടപടിക്രമങ്ങൾ, സാങ്കേതിക പരിശോധനകൾ എന്നിവയെക്കുറിച്ച് വിശദമായ നിർദേശങ്ങൾ നൽകി.
ട്രെയിലറുകൾ സാങ്കേതിക മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. ടയറുകൾ, ബ്രേക്കുകൾ, ലൈറ്റുകൾ എന്നിവയുടെ സുരക്ഷാ നിലവാരം, ട്രെയിലറുകളുടെ ലൈസൻസും രജിസ്ട്രേഷനും, ഡ്രൈവർമാരുടെ പ്രൊഫഷണൽ പെർമിറ്റുകളും ക്യാമ്പയിനിൽ പ്രത്യേകം പരിശോധിച്ചു.




പരിശോധനയിൽ പഴകിയ ടയറുകൾ, പ്രവർത്തനരഹിതമായ പിൻവശത്തെയും വശങ്ങളിലെയും ലൈറ്റുകൾ, ട്രെയിലറുകളുടെ പിൻഭാഗത്ത് റിഫ്ലക്ടീവ് സ്റ്റിക്കറുകളുടെ അഭാവം, സുരക്ഷിതമല്ലാത്ത ചരക്ക് കയറ്റം തുടങ്ങിയ നിരവധി സാങ്കേതിക വീഴ്ചകൾ കണ്ടെത്തി. തുടർന്ന് അറബിക്, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ തയ്യാറാക്കിയ സുരക്ഷാ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയ QR കോഡിലൂടെ ഡ്രൈവർമാർക്ക് ആവശ്യമായ ബോധവത്കരണവും നൽകി.
ഇത്തരം പതിവ് പരിശോധനകളും ബോധവത്കരണ പരിപാടികളും RTAയുടെ റോഡ് സുരക്ഷാ തന്ത്രത്തിന്റെ ഭാഗമാണെന്നും, ലോജിസ്റ്റിക്‌സ് ഗതാഗത മേഖലയിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്നും RTA ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ സഈദ് അൽ റംസി പറഞ്ഞു.
















