ദുബായ്: ഇന്ത്യൻ സംഗീതലോകത്തിന്റെ ഇതിഹാസ ഗായികയും പത്മശ്രീ ജേതാവുമായ എസ്. ജാനകിയുടെ നിര്യാണത്തിൽ അക്കാഫ് ഇവെന്റ്സ് അനുശോചന സമ്മേളനം സംഘടിപ്പിച്ചു. ജാനകി അമ്മയുടെ ഓർമ്മകൾക്ക് ആദരമർപ്പിച്ച് അക്കാഫ് മ്യൂസിക് ക്ലബ് അംഗങ്ങൾ അവരുടെ അനശ്വര ഗാനങ്ങൾ ആലപിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചത് ചടങ്ങിനെ ഹൃദയസ്പർശിയാക്കി.
അക്കാഫ് ചീഫ് പട്രോൺ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ അക്കാഫ് വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി അധ്യക്ഷത വഹിച്ചു.
അക്കാഫ് ചെയർമാൻ ശാഹുൽ ഹമീദ്, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, യു.എ.ഇയിലെ പ്രശസ്ത ഗായിക ഹർഷ ചന്ദ്രൻ, കൾച്ചറൽ കൺവീനർ വി.സി. മനോജ്, അസിസ്റ്റന്റ് ചീഫ് കോർഡിനേറ്റർ സനീഷ് കുമാർ, സോഷ്യൽ മീഡിയ കോർഡിനേറ്റർ അബ്ദുൽ സത്താർ, മ്യൂസിക് ക്ലബ് സെക്രട്ടറി ശെഫി അഹമ്മദ്, പുഷ്പ മഹേഷ്, ബിജു കൃഷ്ണൻ, ആനി കാർത്തിക്, ജോൺ കെ ബേബി, ഷാഫി അഷറഫ് എന്നിവർ ജാനകി അമ്മയുടെ സംഗീത സംഭാവനകളെ അനുസ്മരിച്ച് സംസാരിച്ചു.
തുടർന്ന് അക്കാഫ് മ്യൂസിക് ക്ലബ് അംഗങ്ങളായ ശ്രീകല, സജയ്, അനൂപ് നായർ, സൻസാ, സജീഷ, ഉദയൻ, രേഖ നായർ, സഹീദ, പുഷ്പൻ എന്നിവർ എസ്. ജാനകിയുടെ പ്രശസ്ത ഗാനങ്ങൾ ആലപിച്ച് സംഗീതലോകത്തിന് അവർ നൽകിയ മഹത്തായ സംഭാവനകളെ ആദരിക്കുകയും സദസിനെ വികാരഭരിതമാക്കുകയും ചെയ്തു.
ജാനകി അമ്മയുടെ അനശ്വര സ്വരമാധുര്യം തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുമെന്നും, അവരുടെ ഓർമ്മകൾ സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കുമെന്നും ചടങ്ങിൽ അനുസ്മരിച്ചു.












