സ്റ്റാറ്റസ് പുതുക്കിയില്ലെങ്കിൽ പാൻ കാർഡ് നിഷ്ക്രിയമായേക്കാം; ഉയർന്ന ടി.ഡി.എസും റീഫണ്ട് തടസ്സപ്പെടാനും സാധ്യത
ദുബായ്, ജൂലൈ 23, 2026:അടുത്ത ഇൻകം ടാക്സ് റിട്ടേൺ (ITR) സമർപ്പിക്കുന്നതിന് മുൻപായി തങ്ങളുടെ പാൻ കാർഡിലെ റസിഡൻഷ്യൽ സ്റ്റാറ്റസ് ‘എൻ.ആർ.ഐ’ (Non-Resident) എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾ ഉറപ്പുവരുത്തണമെന്ന് ആദായനികുതി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
ഒരാളുടെ പാൻ നമ്പർ ജീവിതകാലം മുഴുവൻ മാറില്ലെങ്കിലും, പ്രവാസിയാകുന്നതോടെ ഇൻകം ടാക്സ് ഡാറ്റാബേസിലെ വിവരങ്ങൾ സ്വയം അപ്ഡേറ്റ് ആകില്ല. ഇന്ത്യൻ നിയമപ്രകാരം പ്രവാസികൾക്ക് പാൻ-ആധാർ ബന്ധിപ്പിക്കൽ നിർബന്ധമല്ലെങ്കിലും, ടാക്സ് റിക്കോർഡുകളിൽ എൻ.ആർ.ഐ സ്റ്റാറ്റസ് രേഖപ്പെടുത്താത്ത പലരുടെയും പാൻ കാർഡുകൾ ഇതിനകം നിഷ്ക്രിയമായി (Inoperative) മാറിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് അസസ്മെന്റ് വർഷങ്ങളിൽ ഏതെങ്കിലും ഒന്നിൽ എൻ.ആർ.ഐ ആയി ഐ.ടി.ആർ ഫയൽ ചെയ്തവരുടെ വിവരങ്ങൾ ആദായനികുതി വകുപ്പ് നേരിട്ട് അപ്ഡേറ്റ് ചെയ്തിരുന്നു. എന്നാൽ ഇത് ചെയ്യാത്തവരുടെയും, അസ്സസിംഗ് ഓഫീസറെ (JAO) വിവരമറിയിക്കാത്തവരുടെയും പാൻ കാർഡുകളാണ് ഇൻഓപ്പറേറ്റീവ് ആയത്.
പാൻ കാർഡ് ഇൻഓപ്പറേറ്റീവ് ആകുന്നത് കാർഡ് റദ്ദാക്കപ്പെടുന്നതിന് തുല്യമല്ലെങ്കിലും താഴെ പറയുന്ന തടസ്സങ്ങൾ നേരിടേണ്ടി വരും:
- ടാക്സ് റീഫണ്ട് തടസ്സപ്പെടും: നികുതി റീഫണ്ടുകളും അതിനുള്ള പലിശയും ലഭിക്കുന്നത് തടയും.
- ഉയർന്ന ടി.ഡി.എസ് (TDS): ബാങ്ക് ഇടപാടുകൾക്കും വരുമാനങ്ങൾക്കും ഉയർന്ന നിരക്കിൽ ടി.ഡി.എസ്, ടി.സി.എസ് എന്നിവ ഈടാക്കും.
- സാമ്പത്തിക ഇടപാടുകളിൽ കാലതാമസം: ബാങ്കുകൾ, മ്യൂച്വൽ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എന്നിവയിലെ കെ.വൈ.സി (KYC) പരിശോധനകൾ വൈകാം.
പാൻ കാർഡിലെ സ്റ്റാറ്റസ് മാറ്റുന്നത് കൊണ്ട് മാത്രം ഒരു വ്യക്തിയുടെ അതാത് വർഷത്തെ നികുതി റസിഡൻസി നിശ്ചയിക്കപ്പെടില്ല. ഓരോ സാമ്പത്തിക വർഷവും ഇന്ത്യയിൽ തങ്ങിയ ദിവസങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്. കൂടാതെ, നികുതി വകുപ്പിലെ വിവരങ്ങൾ മാറ്റുന്നത് വഴി ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങൾ സ്വയം മാറില്ല; അതിനായി ബാങ്കുകളിൽ നേരിട്ട് കെ.വൈ.സി നൽകേണ്ടതുണ്ട്.
പ്രവാസികൾക്ക് ഇൻകം ടാക്സ് ഇ-ഫയലിംഗ് പോർട്ടലിലെ “Verify Your PAN” സേവനം വഴി പാൻ സ്റ്റാറ്റസ് പരിശോധിക്കാം. പാൻ ഇൻഓപ്പറേറ്റീവ് ആണെങ്കിൽ, പോർട്ടലിലെ “Know Your AO” വഴി അസ്സസിംഗ് ഓഫീസറെ കണ്ടെത്തി, പാസ്പോർട്ട് പകർപ്പ്, യു.എ.ഇ വിസ/എമിറേറ്റ്സ് ഐ.ഡി, വിദേശവാസ തെളിവുകൾ എന്നിവ സമർപ്പിച്ച് സ്റ്റാറ്റസ് തിരുത്താവുന്നതാണ്.
















