ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ വേഗത്തിലാക്കുന്നതിനുമായി ‘മൈക്രോസോഫ്റ്റ് കോപൈലറ്റ് ഡേ’ സംഘടിപ്പിച്ചു.
ദുബായ്, യു.എ.ഇ:പൊതുഗതാഗത മേഖലയിലെ സേവനങ്ങളും ഭരണനിർവ്വഹണവും കൂടുതൽ വേഗത്തിലാക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) മൈക്രോസോഫ്റ്റുമായി സഹകരിച്ച് നിർമ്മിതബുദ്ധി (AI) സാങ്കേതികവിദ്യ വിപുലമാക്കുന്നു.
ആർ.ടി.എയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ‘മൈക്രോസോഫ്റ്റ് കോപൈലറ്റ് ഡേ’ സംഘടിപ്പിച്ചു. സാങ്കേതിക വിദഗ്ധരും വകുപ്പ് മേധാവികളും പങ്കെടുത്ത ചടങ്ങിൽ മൈക്രോസോഫ്റ്റ് കോപൈലറ്റ് സോഫ്റ്റ്‌വെയർ അഡ്മിനിസ്‌ട്രേറ്റീവ് തലത്തിൽ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്ന് വിശദീകരിച്ചു.

ഔദ്യോഗിക റിപ്പോർട്ടുകൾ തയ്യാറാക്കൽ, വിവരശേഖരണം, ഗതാഗത നിയന്ത്രണ ഡാറ്റ വിശകലനം എന്നിവ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. ജീവനക്കാരുടെ തൊഴിൽ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം പേപ്പർരഹിത ഭരണനിർവ്വഹണം കൂടുതൽ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദുബായിയെ ആഗോള സാങ്കേതികവിദ്യയുടെയും ഇന്നൊവേഷന്റെയും കേന്ദ്രമാക്കി മാറ്റാനുള്ള സർക്കാരിന്റെ ദീർഘകാല നയങ്ങൾക്ക് അനുസൃതമായാണ് ഈ നീക്കമെന്ന് ആർ.ടി.എ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സി.ഇ.ഒ മുഹമ്മദ് അൽ മുധറെബ് പറഞ്ഞു. എഐ അസിസ്റ്റന്റുകളെ ഉപയോഗിക്കുന്നതിലൂടെ സാധാരണ ഓഫീസ് ജോലികൾ വേഗത്തിലാക്കാനും തന്ത്രപ്രധാനമായ പദ്ധതികകൾക്ക് കൂടുതൽ സമയം വിനിയോഗിക്കാനും ജീവനക്കാർക്ക് സാധിക്കും.
സർക്കാർ സ്ഥാപനങ്ങൾക്കാവശ്യമായ വിവര സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിക്കൊണ്ടാണ് മൈക്രോസോഫ്റ്റ് കോപൈലറ്റ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ആർ.ടി.എയിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്കായി പ്രത്യേക പരിശീലന പരിപാടികളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.










