എ.ഐ കാലത്തും പുസ്തകങ്ങളുടെ പ്രസക്തി കുറയുന്നില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
ദുബായ്, യു.എ.ഇ:മുൻ നിയമസഭാ സ്പീക്കർ കെ.എം സീതി സാഹിബിന്റെ ഓർമ്മയ്ക്കായി ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് സജ്ജമാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. കൃത്രിമബുദ്ധിയുടെ (എ.ഐ) കടന്നുവരവുണ്ടായ പുതിയ കാലഘട്ടത്തിലും പുസ്തക വായനയുടെ പ്രാധാന്യം കുറയുന്നില്ലെന്ന് ചടങ്ങിൽ തങ്ങൾ വ്യക്തമാക്കി.
വായനയിലൂടെ മാത്രമാണ് ചരിത്രത്തിലേക്ക് അർത്ഥവത്തായ തിരിഞ്ഞുനോട്ടം സാധ്യമാകുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യകൾ വേഗത്തിൽ വളരുമ്പോഴും ചരിത്രത്തെയും സംസ്കാരത്തെയും ആഴത്തിൽ അറിയാൻ ഗ്രന്ഥശാലകൾ നൽകുന്ന സംഭാവന വലുതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇസ്‌മായിൽ ഏറാമലയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി. കേരള നിയമസഭയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ വ്യക്തിത്വം അടയാളപ്പെടുത്തിയ സീതി സാഹിബിന്റെ നാമധേയത്തിലുള്ള ലൈബ്രറി പ്രവാസി സമൂഹത്തിനും പഠിതാക്കൾക്കും ഏറെ ഉപകാരപ്പെടുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ എ.പി റാഷിദ് അസ്‌ലം, എം.സി.എ നാസർ, അനൂപ് കീച്ചേരി, ഷൗക്കത്ത് മൂഴിക്കൽ എന്നിവർ സംസാരിച്ചു. ദുബായ് കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി നാസർ മുല്ലക്കൽ സ്വാഗതവും സംഘാടകസമിതി പ്രതിനിധി റാഫി പള്ളിപ്പുറം നന്ദിയും രേഖപ്പെടുത്തി.










