ബസുകളിൽ ജി.പി.എസ്, സി.സി.ടി.വി പരിശോധനകൾ കർശനം; സ്‌കൂൾ മേഖലകളിൽ ദുബായ് പൊലീസുമായി ചേർന്ന് പ്രത്യേക ട്രാഫിക് നിയന്ത്രണം.
ദുബായ്, യു.എ.ഇ – ഓഗസ്റ്റ് 24, 2026:പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി എമിറേറ്റിലുടനീളം സുരക്ഷിതവും സുഗമവുമായ സ്‌കൂൾ ഗതാഗതം ഉറപ്പാക്കാൻ സമഗ്ര പദ്ധതിയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). സ്‌കൂൾ ബസുകളുടെ സാങ്കേതിക പരിശോധന, ഡ്രൈവർമാരുടെ പരിശീലനം, സ്‌കൂൾ മേഖലകളിലെ റോഡ് വികസനം, ബോധവൽക്കരണം എന്നിവ ഉൾപ്പെടുന്നതാണ് സമഗ്ര സുരക്ഷാ പദ്ധതി.

വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ആർ.ടി.എയുടെ പ്രത്യേക പരിശോധനാ സംഘങ്ങൾ ബസ് ഡിപ്പോകളിലും സ്‌കൂളുകളിലും കർശന പരിശോധന ആരംഭിച്ചു. വാഹനം ഓടിക്കാനുള്ള പെർമിറ്റ്, സീറ്റ് ബെൽറ്റ് പ്രവർത്തനം, ബസുകളുടെ സാങ്കേതിക ക്ഷമത, ഡ്രൈവർമാരുടെയും അറ്റൻഡന്റ്‌മാരുടെയും യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സംഘം നേരിട്ട് വിലയിരുത്തുന്നുണ്ട്.
നിയമപ്രകാരം ദുബായിൽ സർവീസ് നടത്തുന്ന മുഴുവൻ സ്‌കൂൾ ബസുകളിലും അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ നിർബന്ധമാണ്. ആർ.ടി.എ നിരീക്ഷണ കേന്ദ്രവുമായി ബന്ധിപ്പിച്ച തത്സമയ ജി.പി.എസ് ട്രാക്കിംഗ്, മണിക്കൂറിൽ 80 കിലോമീറ്ററായി നിജപ്പെടുത്തിയ സ്പീഡ് ലിമിറ്ററുകൾ, മൾട്ടി-ചാനൽ സി.സി.ടി.വി ക്യാമറകൾ, കുട്ടികൾ ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത് തടയുന്ന ഓട്ടോമേറ്റഡ് ചൈൽഡ്-ഡിറ്റക്ഷൻ സെൻസറുകൾ എന്നിവ ബസുകളിൽ ഉറപ്പാക്കണം.


ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സ്‌കൂൾ പരിസരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കാൽനടയാത്രക്കാർക്കുള്ള ക്രോസിംഗുകൾ കൂടുതൽ വ്യക്തമാക്കുകയും, ഡ്രോപ്പ്-ഓഫ് പോയിന്റുകൾ മെച്ചപ്പെടുത്തുകയും ചെയ്തു. വാഹനങ്ങളുടെ വേഗത തത്സമയം കാണിക്കുന്ന ഇന്ററാക്ടീവ് ഡിജിറ്റൽ ബോർഡുകളും സ്‌കൂൾ മേഖലകളിൽ സ്ഥാപിച്ചിട്ടുണ്ട്.
ദുബായ് പൊലീസുമായി സഹകരിച്ചാണ് ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്. രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ സ്കൂൾ പരിസരങ്ങളിൽ പ്രത്യേക പട്രോളിംഗും സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടാകും. ഡ്രൈവർമാരും രക്ഷിതാക്കളും ഗതാഗത നിയമങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.










