അറബിക് സാഹിത്യ കൃതികളുടെ വിദേശഭാഷാ വിവർത്തനങ്ങൾക്ക് നൽകുന്ന ആഗോള പുരസ്കാരം 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സമ്മാനിക്കും.
ഷാർജ, ഓഗസ്റ്റ് 31, 2026:അറബിക് സാഹിത്യ കൃതികളുടെ വിദേശഭാഷാ വിവർത്തനങ്ങൾക്കായി നൽകിവരുന്ന 14 ലക്ഷം ദിർഹം (ഏകദേശം 3.8 ലക്ഷം ഡോളർ) സമ്മാനത്തുകയുള്ള തുർജുമാൻ അവാർഡിന് ഷാർജ ബുക്ക് അതോറിറ്റി അപേക്ഷകൾ ക്ഷണിച്ചു. സെപ്റ്റംബർ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (SIBF) ഉദ്ഘാടന ചടങ്ങിൽ വിജയികൾക്കുള്ള പുരസ്കാരം സമ്മാനിക്കും.
ലോകത്തിലെ ഏറ്റവും ഉയർന്ന തുക നൽകുന്ന വിവർത്തന പുരസ്കാരങ്ങളിലൊന്നാണ് തുർജുമാൻ അവാർഡ്. 2016 നും 2026 നും ഇടയിൽ ലോകത്തെവിടെയെങ്കിലും ആദ്യമായി വിദേശഭാഷയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച അറബിക് സാംസ്കാരിക, സാഹിത്യ, ചിന്താധാരയിലുള്ള പുസ്തകങ്ങൾക്കാണ് അവാർഡിന് അർഹതയുള്ളത്.

വിവർത്തകനെ മാത്രമല്ല, ഒരു പുസ്തകം അന്താരാഷ്ട്ര തലത്തിൽ എത്തിക്കുന്നതിൽ പങ്കാളികളാകുന്ന എല്ലാ മേഖലകളെയും ആദരിക്കുന്നു എന്നതാണ് ഈ അവാർഡിന്റെ സവിശേഷത. സമ്മാനത്തുകയുടെ വലിയൊരു പങ്ക് വിവർത്തനം പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര പ്രസാധകർക്കാണ് ലഭിക്കുക.
ആകെ സമ്മാനത്തുകയായ 14 ലക്ഷം ദിർഹമിൽ 910,000 ദിർഹം (65 ശതമാനം) അന്താരാഷ്ട്ര പ്രസാധകർക്ക് ലഭിക്കും. പുസ്തകത്തിന്റെ പ്രാഥമിക പകർപ്പവകാശമുള്ള അറബ് പ്രസാധകർക്ക് 390,000 ദിർഹമും (27.8 ശതമാനം) വിവർത്തനം നിർവ്വഹിച്ച വ്യക്തിക്ക് 100,000 ദിർഹമും സമ്മാനമായി ലഭിക്കും.
അറബ് സംസ്കാരവും ആഗോള സമൂഹവും തമ്മിലുള്ള ആശയവിനിമയത്തിൽ അറബിക് പുസ്തകങ്ങൾക്ക് സജീവമായ പങ്കുറപ്പാക്കാൻ തുർജുമാൻ അവാർഡിലൂടെ സാധിച്ചതായി ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് ബിൻ റക്കാദ് അൽ ആമിരി പറഞ്ഞു. മൂലകൃതിയുടെ ചിന്താപരമായ മൂല്യവും വിവർത്തനത്തിന്റെ ഗുണനിലവാരവും മുൻനിർത്തിയാണ് പുരസ്കാര സമിതി വിജയികളെ തിരഞ്ഞെടുക്കുന്നത്.
ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൺ ഷെയ്ഖ ബദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമിയുടെ മാർഗ്ഗനിർദ്ദേശപ്രകാരം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാംസ്കാരിക കാഴ്ചപ്പാട് മുൻനിർത്തിയാണ് പുരസ്കാരം നടപ്പിലാക്കുന്നത്.
താൽപ്പര്യമുള്ള അന്താരാഷ്ട്ര പ്രസാധകർക്ക് ഷാർജ ബുക്ക് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സെപ്റ്റംബർ 15-ന് മുൻപായി അപേക്ഷകൾ സമർപ്പിക്കാം.











