അറബിക് ഭാഷാ പഠനം, സ്കൂൾ നേതൃത്വ നിലവാരം, അധ്യാപക പരിശീലനം എന്നിവ ലക്ഷ്യമിട്ട് എസ്.പി.ഇ.എ മൂന്ന് ഏജൻസികളുമായി ധാരണാപത്രം ഒപ്പുവെച്ചു; ഭരണാധികാരി സാന്നിധ്യം വഹിച്ചു.
ഷാർജ — 05 ഒക്ടോബർ 2026 : ഷാർജയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനും സ്കൂൾ നേതൃത്വ-അറബിക് ഭാഷാ പരിശീലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി (SPEA) മൂന്ന് പ്രമുഖ സ്ഥാപനങ്ങളുമായി തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഇസ്ലാമിക് വേൾഡ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (ഐസെസ്കോ – ICESCO) ഷാർജ റീജിയണൽ ഓഫീസ്, ഫ്രാങ്ക്ലിൻ കോവി മിഡിൽ ഈസ്റ്റ്, ഫസീഹ് ഇ-ലേണിങ് സെന്റർ എന്നിവരുമായാണ് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി സഹകരണ കരാറുകളിൽ ഏർപ്പെട്ടത്.
ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ അലി അഹമ്മദ് അൽ ഹൊസാനി, ഐസെസ്കോ ഷാർജ റീജിയണൽ ഡയറക്ടർ സേലം ഒമർ സേലം, ഫ്രാങ്ക്ലിൻ കോവി മിഡിൽ ഈസ്റ്റ് സി.ഇ.ഒ അമ്മാർ അഹമ്മദ് അബ്ദുൽറസൂൽ, ഫസീഹ് ഇ-ലേണിങ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സാജിദ സേലം മുഹമ്മദ് എന്നിവർ കരാർ രേഖകൾ കൈമാറി.
വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം, സാങ്കേതികവിദ്യ, യുവജനക്ഷേമം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണത്തിനാണ് ഐസെസ്കോയുമായുള്ള കരാർ വഴിയൊരുക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ പ്രയോജനപ്പെടുന്ന സംയുക്ത സംരംഭങ്ങളും പരിശീലന പരിപാടികളും ഈ പങ്കാളിത്തത്തിന് കീഴിൽ നടപ്പാക്കും.
സ്കൂൾ ഭരണനിർവഹണ രംഗത്ത് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുകയാണ് ഫ്രാങ്ക്ലിൻ കോവി മിഡിൽ ഈസ്റ്റുമായുള്ള ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം. സ്കൂൾ പ്രിൻസിപ്പൽമാർ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിവർക്ക് നേതൃത്വ പാടവം വളർത്താനുള്ള പ്രത്യേക പരിശീലനങ്ങൾ നൽകും. ഇതിനുപുറമെ, സ്വകാര്യ സ്കൂളുകളിലെ സെക്കൻഡറി വിദ്യാർത്ഥികളിൽ നേതൃഗുണവും വ്യക്തിത്വവികാസവും ഉറപ്പാക്കുന്നതിനായി ‘ലീഡർ ഇൻ മി’ (Leader in Me) പദ്ധതി നടപ്പിലാക്കും.
സ്കൂളുകളിലെ അറബിക് ഭാഷാ അധ്യാപന രീതികൾ നവീകരിക്കാനാണ് ഫസീഹ് ഇ-ലേണിങ് സെന്ററുമായുള്ള കരാർ ഊന്നൽ നൽകുന്നത്. അറബിക് അധ്യാപകർക്ക് പ്രത്യേക പരിശീലനം, നൂതന സിലബസ് രൂപീകരണം, ഗവേഷണം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ഡിജിറ്റൽ സംവിധാനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രയോജനപ്പെടുത്തി അറബിക് ഭാഷാപഠനം വിദ്യാർത്ഥികൾക്ക് കൂടുതൽ ലളിതവും ആകർഷകവുമാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ആഗോള നിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം പ്രാദേശിക സംസ്കാരവും ഭാഷയും ശക്തമായി നിലനിർത്തുകയെന്ന ഷാർജ സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി.






