ദുബായ്: ഐക്യകേരളത്തിന്റെ 70-ാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അക്കാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. നവംബർ 1 നു ഞായറാഴ്ച രാവിലെ അക്കാഫ് അസോസിയേഷൻ ഓഫീസിൽ നടന്ന പരിപാടിയിൽ വിവിധ കോളജ് അലുംനി പ്രതിനിധികൾ പങ്കെടുത്തു. തനത് കേരളീയ വേഷത്തിലായിരുന്നു എല്ലാവരും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.
അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ട്രഷറർ രാജേഷ് പിള്ള സ്വാഗതം പറഞ്ഞു. ഡയറക്ടർ ബോർഡ് മെമ്പർമാരായ സുനിൽകുമാർ ആർ, മുനീർ സി എൽ എന്നിവർ ആശംസാ പ്രസംഗം നടത്തി.
മലയാള ഭാഷയുടെയും കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും മഹത്വം പുതുതലമുറയിലേക്ക് പകരുന്നതിന്റെയും പ്രവാസഭൂമിയിൽ കേരളീയ ഐക്യവും പാരമ്പര്യവും നിലനിർത്തുന്നതിന്റെയും പ്രാധാന്യം ആഘോഷം ഓർമിപ്പിച്ചു.
കേരളത്തിന്റെ രൂപീകരണ ചരിത്രവും ഭാഷാ-സാംസ്കാരിക പൈതൃകവും അനുസ്മരിച്ചുകൊണ്ട് നടന്ന പരിപാടി പ്രവാസികൾക്ക് കേരളത്തോടുള്ള സ്നേഹവും ആത്മബന്ധവും പ്രകടിപ്പിക്കുന്ന വേദിയായി.











