പ്രവാസി ലീഗൽ സെല്ലിന്റെ ഹർജിയിൽ ഹിയറിങ് നടത്തി തീർപ്പാക്കാൻ നോർക്ക സെക്രട്ടറിക്ക് കോടതി ഉത്തരവ്
ദുബായ്, യു.എ.ഇ — നോർക്ക കെയർ 2026–27 ഇൻഷുറൻസ് പദ്ധതിയിൽ വരുത്തിയ വൻ പ്രീമിയം വർധനവിനെതിരെയുള്ള പരാതിയിൽ ആറാഴ്ചയ്ക്കകം നിയമാനുസൃത തീരുമാനമെടുക്കാൻ നോർക്ക സ്പെഷ്യൽ സെക്രട്ടറിക്ക് കേരള ഹൈക്കോടതി നിർദേശം നൽകി.
പ്രവാസി ലീഗൽ സെല്ലിനൊപ്പം മുസ്തഫ തൊണ്ടിയിൽ, അബ്ദുൾ ഹക്കീം എന്നിവർ നൽകിയ റിട്ട് ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പ്രവാസി ലീഗൽ സെൽ ദുബായ് പ്രസിഡന്റ് ടി.എൻ. കൃഷ്ണകുമാർ സമർപ്പിച്ച നിവേദനം പരിഗണിച്ച്, ഹർജിക്കാരെയും ബന്ധപ്പെട്ട കക്ഷികളെയും നേരിൽ കേട്ട ശേഷമായിരിക്കണം നടപടിയെന്ന് കോടതി വ്യക്തമാക്കി. ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിക്കുന്ന തീയതി മുതൽ ആറാഴ്ചയ്ക്കകമാണ് നോർക്ക സെക്രട്ടറി വിഷയത്തിൽ അന്തിമ നിലപാട് സ്വീകരിക്കേണ്ടത്.
2025–26 സാമ്പത്തിക വർഷത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്ന ഇൻഷുറൻസ് പരിരക്ഷ, 2026–27 വർഷത്തിൽ പ്രായപരിധി കണക്കാക്കിയുള്ള സ്ലാബുകളിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. പ്രവാസികളുടെ ഇൻഷുറൻസ് പരിരക്ഷ തടസ്സമില്ലാതെ തുടരുക, അന്യായമായ പ്രീമിയം വർധന ഒഴിവാക്കുക, മുൻകൂട്ടി കൃത്യമായ അറിയിപ്പ് നൽകുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഹർജിയിൽ ഉന്നയിച്ചത്.
2025–26ൽ അഞ്ച് ലക്ഷം രൂപയുടെ കുടുംബ ആരോഗ്യ ഇൻഷുറൻസിന് 13,411 രൂപയായിരുന്നു പ്രീമിയം. പുതിയ മാറ്റത്തോടെ 51 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് 35,664 രൂപയായും 61 മുതൽ 70 വയസ്സ് വരെയുള്ളവർക്ക് 44,718 രൂപയായും പ്രീമിയം ഉയർന്നു. ഇത് സാധാരണ പ്രവാസി കുടുംബങ്ങൾക്ക് 166 മുതൽ 233 ശതമാനം വരെ അധിക ബാധ്യത വരുത്തിവെക്കുന്നുവെന്ന് ടി.എൻ. കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.
പോളിസി പുതുക്കുന്നതിന് കുറഞ്ഞത് 45 ദിവസം മുമ്പെങ്കിലും വരിക്കാരെ അറിയിക്കണമെന്ന നിബന്ധന പാലിക്കപ്പെട്ടില്ലെന്നും ഹർജിയിൽ പറയുന്നു. 2026 ഒക്ടോബർ 31-ന് പഴയ പോളിസി കാലാവധി പൂർത്തിയാകുന്നതിന് കേവലം നാല് ദിവസം മുമ്പ് മാത്രമാണ് പുതിയ നിരക്കുകൾ അറിയിച്ചത്. നവംബർ 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നതോടെ മറ്റ് പോളിസികൾ തിരഞ്ഞെടുക്കാനുള്ള സാവകാശം പോലും പ്രവാസികൾക്ക് ലഭിച്ചില്ല. ഈ സാഹചര്യത്തിൽ പ്രായപരിധി അടിസ്ഥാനമാക്കിയുള്ള പ്രീമിയം വർധന പിൻവലിച്ച് പഴയ ഗ്രൂപ്പ് ഇൻഷുറൻസ് രീതി തന്നെ തുടരണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.










