ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് ജംഗ്ഷനിൽ മൂന്ന് പുതിയ പാലങ്ങളും രണ്ട് ലൂപ്പ് റാംപുകളും തുറന്നു; യാത്രാസമയം 70 ശതമാനം കുറയും.
ദുബായ്, യുഎഇ — അൽ ഖുദ്ര റോഡ് വികസന പദ്ധതിക്ക് കീഴിലുള്ള മുഴുവൻ പാലങ്ങളുടെയും നിർമാണം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പൂർത്തിയാക്കി. അൽ ഖുദ്ര റോഡും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റും സന്ധിക്കുന്ന ജംഗ്ഷനിൽ 2,660 മീറ്റർ നീളമുള്ള മൂന്ന് പാലങ്ങളും രണ്ട് ലൂപ്പ് റാംപുകളും ഞായറാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുത്തു.
പുതിയ പാലങ്ങളും റാംപുകളും തുറന്നതോടെ ഈ ജംഗ്ഷനിൽ എല്ലാ ദിശകളിലേക്കും തടസ്സമില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാനാകും. ഇതോടെ ജംഗ്ഷനിലെ കാത്തിരിപ്പ് സമയത്തിൽ ഏഴ് മിനിറ്റിന്റെ കുറവുണ്ടാകുകയും വാഹന ശേഷി മണിക്കൂറിൽ 7,800-ൽ നിന്ന് 19,400 ആയി ഉയരുകയും ചെയ്തു. 150 ശതമാനമാണ് ശേഷി വർധനവ്.
11.6 കിലോമീറ്റർ റോഡ് വികസനവും 4,750 മീറ്റർ നീളത്തിലുള്ള പാലങ്ങളും ഉൾപ്പെടുന്നതാണ് അൽ ഖുദ്ര റോഡ് വികസന പദ്ധതി. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് മുതൽ എമിറേറ്റ്സ് റോഡ് വരെയുള്ള പാതയുടെ ഇരുവശങ്ങളിലുമുള്ള വാഹന ശേഷി മണിക്കൂറിൽ 12,000-ൽ നിന്ന് 16,000 ആയി (33 ശതമാനം) വർധിച്ചു. 10 മിനിറ്റായിരുന്ന യാത്രാസമയം മൂന്ന് മിനിറ്റായി കുറഞ്ഞതോടെ യാത്രാദൈർഘ്യത്തിൽ 70 ശതമാനം കുറവുണ്ടായി.
പുതുതായി തുറന്ന പാലങ്ങളും റാംപുകളും
അൽ ഖുദ്ര റോഡ്–ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് ജംഗ്ഷനിൽ തുറന്ന നിർമിതികൾ ഇവയാണ്:
- ജബൽ അലി ഭാഗത്തേക്ക് പോകുന്നവർക്കായി അൽ ഖുദ്ര റോഡിനെയും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന 750 മീറ്റർ നീളമുള്ള രണ്ടുവരി പാലം.
- സിറ്റി സെന്റർ, ദുബായ് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കായുള്ള 900 മീറ്റർ നീളമുള്ള രണ്ടുവരി പാലം.
- സമീപത്തെ താമസമേഖലകളിൽ നിന്ന് അൽ ഖുദ്ര സിറ്റി ഭാഗത്തേക്ക് പോകുന്നവർക്കായുള്ള 500 മീറ്റർ ഒറ്റവരി പാലം.
- ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ നിന്ന് അൽ ഖുദ്ര സിറ്റി ഭാഗത്തേക്ക് തിരിയുന്നതിനുള്ള 230 മീറ്റർ രണ്ടുവരി ലൂപ്പ് റാംപ്.
- ഉമ്മു സുഖീം ഭാഗത്തേക്ക് പോകുന്നതിനുള്ള 280 മീറ്റർ രണ്ടുവരി ലൂപ്പ് റാംപ്.
സമീപത്തെ വികസന പദ്ധതികളിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിന്റെ ഇരുവശങ്ങളിലുമായി മൂന്ന് കിലോമീറ്റർ സർവീസ് റോഡുകളും നിർമിച്ചിട്ടുണ്ട്. നേരത്തെ ഇതേ ജംഗ്ഷനിൽ 1,400 മീറ്റർ നീളമുള്ള എട്ടുവരി പ്രധാന പാലങ്ങൾ തുറന്നിരുന്നു.

നഗരവികസനത്തിന് കരുത്താകും
ദുബായിലെ പ്രധാന റോഡ് ഇടനാഴികൾ നവീകരിക്കുന്നതിനും താമസമേഖലകളെ സാമ്പത്തിക കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള സംയോജിത പദ്ധതിയുടെ ഭാഗമാണിതെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന് അനുസൃതമായി നടപ്പിലാക്കുന്ന ഈ വികസന പ്രവർത്തനങ്ങൾ നാല് ലക്ഷത്തിലധികം താമസക്കാർക്കും സന്ദർശകർക്കും പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻഘട്ടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ
പദ്ധതിയുടെ ഭാഗമായി ഈ വർഷം ആദ്യം അറേബ്യൻ റാഞ്ചസിനെയും ദുബായ് സ്റ്റുഡിയോ സിറ്റിയെയും ബന്ധിപ്പിക്കുന്ന റോഡിന്റെ ജംഗ്ഷനിൽ 1,200 മീറ്റർ നീളമുള്ള എട്ടുവരി പാലം ആർടിഎ തുറന്നിരുന്നു. ഇതോടെ ഇവിടുത്തെ വാഹന ശേഷി മണിക്കൂറിൽ 6,600-ൽ നിന്ന് 19,200 ആയി ഉയരുകയും കാത്തിരിപ്പ് സമയം 113 സെക്കൻഡിൽ നിന്ന് 52 സെക്കൻഡായി കുറയുകയും ചെയ്തു. മേയ് മാസത്തിൽ എമിറേറ്റ്സ് റോഡ്–അൽ ഖുദ്ര റോഡ് ജംഗ്ഷനിൽ സർവീസ് റോഡും രണ്ട് ലൂപ്പ് റാംപുകളും ഗതാഗതത്തിനായി തുറന്നിരുന്നു.
പ്രയോജനം ലഭിക്കുന്ന മേഖലകൾ
അറേബ്യൻ റാഞ്ചസ് 1, 2, ദുബായ് മോട്ടോർ സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, അക്കോയ, മുദൂൺ, ദമാക് ഹിൽസ്, ദി സസ്റ്റൈനബിൾ സിറ്റി, ടൗൺ സ്ക്വയർ, മിറ, ദമാക് ഹിൽസ് 2 എന്നീ താമസമേഖലകളിലെ യാത്രക്കാർക്ക് പുതിയ പാത വലിയ ആശ്വാസമാകും. എമിറേറ്റ്സ് റോഡ് മുതൽ അൽ ഖുദ്ര റൗണ്ട് എബൗട്ട് വരെയുള്ള ഭാഗത്ത് 3.4 കിലോമീറ്റർ ദൂരത്തിൽ അധിക വരികൾ കൂട്ടിച്ചേർക്കുകയും എമിറേറ്റ്സ് റോഡിലേക്ക് 4.8 കിലോമീറ്റർ പുതിയ ലിങ്ക് റോഡ് നിർമിക്കുകയും ചെയ്തിട്ടുണ്ട്.










